സമാധാന നൊബേൽ: ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും പട്ടികയിലെന്ന് റിപ്പോർട്ട്
ആൾട്ട് ന്യൂസ് സ്ഥാപകരായ ഫാക്ട് ചെക്കേഴ്സ് മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഇടം പിടിച്ചതായി റിപ്പോർട്ട്. ടൈം ആണ് ഇരുവരും പട്ടികയിൽ ഉൾപ്പെട്ടതായി റിപ്പോർട്ട് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളുടെ പിന്നിലെ വസ്തുതകൾ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തുകയും ആൾട്ട്ന്യൂസ് വെബ്‌സൈറ്റ് വഴി ഇവർ പുറത്തുവിടുകയുമാണ് പതിവ്. 2022 ജൂണിൽ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

photo courtesy- twitter/@free_thinker
2018-ലെ വിവാദ ട്വീറ്റിനെ തുടര്‍ന്നായിരുന്നു നടപടി.സുബൈറിന്റെ ട്വീറ്റ് വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ളതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. തുടർന്ന് ആഗോളതലത്തിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ മാധ്യമങ്ങളെ സർക്കാർ കൈകാര്യം ചെയ്യുന്നത് മോശം രീതിയിലാണെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഈ കഴിഞ്ഞ ഒക്ടോബറിലാണ് സുബൈർ തിഹാർ ജയിലിൽ നിന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
ഏകദേശം 343 പേരുകളാണ് 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായുള്ള സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. ഇതിൽ 92 സംഘടനകളും 251 വ്യക്തികളും ഉൾപ്പെടുന്നു. പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത് അഞ്ചംഗ നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ്. പുരസ്കാരത്തിന് അർഹരാകുന്നത് ഏറ്റവും അധികം വോട്ട് നേടുന്നവരാണ്. നോർവെ പാർലമെന്റ് ഇത് അംഗീകരിക്കും.
ഔദ്യോഗിക പട്ടിക നൊബേല്‍ കമ്മിറ്റി പുറത്തുവിട്ടിട്ടില്ലെങ്കിലും ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി,മ്യാന്‍മര്‍ സര്‍ക്കാര്‍, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍ പ്രസിഡന്റിന്റെ സ്ഥിരം വിമര്‍ശകനായ അലക്‌സി നവാല്‍നി തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 2022 ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളെ ഒക്ടോബർ 7നാണ് പ്രഖ്യാപിക്കുന്നത്.ഓസ്ലോയിൽ പ്രാദേശിക സമയം രാവിലെ 11 മണിക്കാവും പുരസ്കാര പ്രഖ്യാപനം.












Click it and Unblock the Notifications