'പക വീട്ടാൻ കടുവകളെ മടയിൽ ചെന്ന് പൂട്ടിയ ബിജെപി'; 2022 നെ ഞെട്ടിച്ച മഹാരാഷ്ട്രയിലെ അട്ടിമറി
2022 ൽ ദേശീയ രാഷ്ട്രീയം പല അട്ടിമറികൾക്കും സാക്ഷ്യം വഹിച്ചു. അതിൽ പ്രധാനമായിരുന്നു മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മാഹാ വികാസ് അഘാഡി സഖ്യത്തിന്റെ പതനം. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കാൻ ബി ജെ പി 'ഓപ്പറേഷൻ താമര' പ്രയോഗിച്ചതോടെയായിരുന്നു ഇവിടെ സർക്കാർ നിലംപതിച്ചത്.

2019 ലായിരുന്നു മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ബി ജെ പിയും ശിവസേയും സഖ്യത്തിലായിരുന്നു മത്സരം. ഭരണം ലഭിച്ചതോടെ ശിവസേന മുഖ്യമന്ത്രി കസേരയ്ക്കായി അവകാശം ഉന്നയിച്ചു. ഇത് അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ല. ഇതോടെ പതിറ്റാണ്ടോളം കൂടെ നിന്ന ശിവസേന ബിജെപിയുമായി ഉടക്കി പിരിഞ്ഞു. ബി ജെ പിയെ ഭരണത്തിൽ നിന്നും അകറ്റാൻ ബദ്ധ ശത്രുക്കളായ കോൺഗ്രസും ശിവസേനയുമായി സഖ്യം രൂപീകരിക്കുകയും ചെയ്തു.ബി ജെ പിയെ സംബന്ധിച്ച് ശിവസേനയുടെ ഈ നീക്കം തെല്ലൊന്നുമല്ല ഞെട്ടിച്ചത്. അധികാരം നഷ്ടപ്പെട്ട ബി ജെ പി മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഓപ്പറേഷൻ താമര പറയറ്റി. എൻ സി പി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനേയും അദ്ദേഹത്തിന്റെ പക്ഷത്തുള്ള എം എൽ എമാരേയും മറുകണ്ടം ചാടിക്കാനായിരുന്നു നീക്കം. എന്നാൽ മഹാരാഷ്ട്രയിൽ ആ അത് നടപ്പായില്ല.

മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തെ് നേരിട്ട തിരിച്ചടി ബി ജെ പിക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. എന്നിരുന്നാലും എം വി എ സർക്കാർ അധിക കാലം നീണ്ട് പോകില്ലെന്നും ആഭ്യന്തര തർക്കങ്ങൾ സഖ്യത്തിന്റെ പതനത്തിന് കാരണമാകുമെന്നും ബി ജെ പി പ്രതീക്ഷിച്ചു. എന്നാൽ പാർട്ടിയുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ച് കൊണ്ട് മൂന്നര വർഷത്തോളമാണ് സഖ്യം തുടർന്നത്.ഇതോടെ ഭരണം അസ്ഥിരപ്പെടുത്താനുള്ള സകല തന്ത്രങ്ങളും ബി ജെ പി പുറത്തെടുത്തു. തുടക്കത്തിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരേയും ദേശീയ അന്വേഷണ ഏജൻസികളേയുമെല്ലാം ഇറക്കി നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ അത്തരം ഭീഷണികളൊന്നും വിലപ്പോയില്ല.

ഇതോടെ സഖ്യത്തിന് യാതൊരു ഇളക്കവും തട്ടില്ലെന്ന് ഉദ്ധവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെയാണ് എം വി എ സർക്കാരിനെ ഞെട്ടിച്ച് കൊണഅട് ശിവസേന പക്ഷത്തുള്ള എക്നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള 30 ഓളൺ എം എൽ എമാരെ ബി ജെ പി തങ്ങളുടെ പാളയത്തിൽ എത്തിച്ചത്. എം എൽ എമാരെ തിരികെയെത്തിക്കാൻ തങ്ങളാൽ ആകും വിധമുള്ള നീക്കങ്ങളെല്ലാം ഉദ്ധവ് പുറത്തെടുത്തിരുന്നു. സർക്കാരിനെ സംരക്ഷിക്കാൻ കോൺഗ്രസും എൻ സി പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ വരെ തയ്യാറാണെന്നും ഉദ്ധവ് ഷിൻഡെയെ അറിയിച്ചെങ്കിലും അനുനയ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ ബി ജെ പി തന്ത്രങ്ങൾക്ക് മുന്നിൽ ഉദ്ധവിന് അടിയറവ് പറയേണ്ടി വന്നു.

അധികാരം നേടിയെങ്കിലും ബി ജെ പിയുടെ കണക്ക് കൂട്ടൽ അനുസരിച്ചല്ല കാര്യങ്ങൾ നീങ്ങിയത്. സമ്മർദ്ദങ്ങളെ തുടർന്ന് ഷിൻഡെയെ ബി ജെ പിക്ക് മുഖ്യമന്ത്രിയാക്കേണ്ടി വന്നു. മുൻ മുഖ്യമന്ത്രി ഫഡ്നാവിസിനെ ഉപമുഖ്യമന്ത്രിയും. മനസില്ലാ മനസോടെ ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത ഫഡ്നാവിസ് ഒട്ടും തൃപ്തനല്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ഷിൻഡെ ക്യാമ്പിനെ ഒതുക്കി ബി ജെ പി തന്നെ മുഖ്യമന്ത്രി പദം കൈയ്യാളുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അത്തരമൊരു നീക്കം തിരിച്ചടിയാകുമെന്നാണ് പക്ഷേ ചില നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്.












Click it and Unblock the Notifications