ബിജെപിക്കെതിരെ കോണ്‍ഗ്രസില്ലാതെ ഒന്നും നടക്കില്ല, കോണ്‍ഗ്രസായിരിക്കും സഖ്യത്തിന്റെ കേന്ദ്രം; ജയ്‌റാം രമേശ്
ഭാരത് ജോഡോ യാത്രക്ക് ശേഷം സഖ്യചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ജയ്‌റാം രമേശ്

ശ്രീനഗര്‍: 2024 ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമാകില്ല എന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവിയുമായ ജയ്‌റാം രമേശ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏത് സഖ്യത്തിന്റെയും കേന്ദ്രം കോണ്‍ഗ്രസ് ആയിരിക്കണം എന്ന് ജയറാം രമേശ് പറഞ്ഞു.
ശ്രീനഗറില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അഞ്ച് മാസമായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉദ്ദേശിച്ചുള്ളതല്ല എന്നും ജയ്‌റാം രമേശ് അവകാശപ്പെട്ടു. ഭാരത് ജോഡോ യാത്ര അവസാനിച്ചാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര സഖ്യത്തിന് വേണ്ടിയല്ല
ജനുവരി 30 ന് ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന ദിവസത്തേക്ക് എല്ലാ രാഷ്ട്രീയ കക്ഷികളേയും തങ്ങള്‍ ക്ഷണിച്ചത് ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയല്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബി ജെ പിയുടെ നയങ്ങളോടും പരിപാടികളോടും എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സമാന ചിന്താഗതിക്കാരായ കക്ഷികള്‍ക്ക് ആത്മാര്‍ത്ഥമായി നല്‍കിയ ക്ഷണം മാത്രമാണിത് എന്ന് ജയ്‌റാം രമേശ് പറഞ്ഞു.

സഖ്യചര്‍ച്ചകള്‍ ഉടന്‍
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങില്‍ ചില രാഷ്ട്രീയ നേതാക്കളുടെ അസാന്നിധ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയ്‌റാം രമേശ്. ഏത് പ്രതിപക്ഷ സഖ്യത്തിന്റെയും കേന്ദ്രമാകേണ്ടത് കോണ്‍ഗ്രസാണ്. ഭാരത് ജോഡോ യാത്രക്ക് ശേഷം തങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയെ പരാജയപ്പെടുത്താനുള്ള ഏത് പ്രതിപക്ഷ വേദിയും രണ്ട് യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

കോണ്‍ഗ്രസ് നയിക്കും
അതില്‍ പ്രസക്തവും അര്‍ത്ഥപൂര്‍ണ്ണവും ആയ പ്രധാന ഘടകം കോണ്‍ഗ്രസിന്റെ നേതൃത്വം ആയിരിക്കണം എന്നും രണ്ടാമത്തെ ഘടകം ബി ജെ പി വിരുദ്ധ വികാരത്തിനപ്പുറം ക്രിയാത്മകമായ ഒരു അജണ്ട ഉണ്ടായിരിക്കണം എന്നും ജയ്‌റാം രമേശ് പറഞ്ഞു. അതേസമയം ഭാരത് ജോഡോ യാത്ര അവസാന ദിവസമായ ഇന്ന് 4,080 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുമെന്ന് ജയറാം രമേശ് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര അവസാനിക്കുന്നു
യാത്ര ആകെ 75 ജില്ലകള്‍ കവര്‍ ചെയ്തു എന്നും ദിവസവും ശരാശരി 24-25 കിലോമീറ്റര്‍ തങ്ങള്‍ നടന്നു എന്നും ജയ്‌റാം രമേശ് പറഞ്ഞ. അതേസമയം വെള്ളിയാഴ്ച തെക്കന്‍ കശ്മീരിലെ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 7 ന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

12 സംസ്ഥാനങ്ങളിലൂടെ കടന്ന് പോയി
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍ ആണ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. നിരവധി പേര്‍ ഇതിനിടെ ഭാരത് ജോഡോ യാത്രയില്‍ പലയിടങ്ങളില്‍ നിന്നും പങ്കാളികളായിരുന്നു.

ഭാഗമായത് നിരവധി പേര്‍
സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ നേതാക്കള്‍, മുന്‍ റോ ചീഫ്, മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ഭാരത് ജോഡോ യാത്രയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഭാഗമായി. സമീപകാലത്ത് കോണ്‍ഗ്രസ് രാജ്യത്ത് നടത്തിയ ഏറ്റവും വലിയ പരിപാടിയാണ് ഭാരത് ജോഡോ യാത്ര.












Click it and Unblock the Notifications