ആം ആദ്മി പ്രതിപക്ഷസഖ്യത്തില്‍ നിന്ന് പിന്മാറുമോ? പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടില്‍
പാട്‌ന: പ്രതിപക്ഷ മഹായോഗത്തില്‍ ആം ആദ്മിയും കോണ്‍ഗ്രസും തമ്മില്‍ എങ്ങനെ സമവായമുണ്ടാകുമെന്നതിനെ ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകര്‍. യോഗത്തിന് തൊട്ടുമുന്‍പ് പോലും കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. യോഗത്തിലെ ആം ആദ്മിയുടെ പ്രധാന അജണ്ട ഡല്‍ഹി ഓര്‍ഡിനന്‍സായിരുന്നു.
അതിനായി അരവിന്ദ് കെജ്രിവാള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പിന്തുണ തേടുകയും ചെയ്തിരുന്നു. പാര്‍ലമെന്റിനുള്ളില്‍ ഓര്‍ഡിനന്‍സിന് കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തില്ലെങ്കില്‍ ആം ആദ്മിക്ക് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും പാര്‍ട്ടി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്ന് പ്രതിപക്ഷ മഹായോഗം നടക്കുന്നത്. രാഹുല്‍ ഗാന്ധിയും കെജ്രിവാളും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി അരവിന്ദ് കെജ്രിവാള്‍ നിരവധി പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരോട് സമയം ആവശ്യപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് ഇതുവരെ സമയം അനുവദിച്ചിരുന്നില്ല. ഇതാണ് കെജ്രിവാളിനെ പ്രകോപിപ്പിച്ചത്.
ഇക്കാര്യത്തില്‍ ഉടന്‍ അനുകൂല തീരുമാനമെടുക്കുക എന്ന സമ്മര്‍ദ്ദ തന്ത്രമാണ് കെജ്രിവാള്‍ കോണ്‍ഗ്രസിന് നേരെ പയറ്റുന്നത്. പ്രതിപക്ഷ യോഗത്തില്‍ ഇത് സംബന്ധിച്ച എന്തെങ്കിലും അനുകൂല തീരുമാനമുണ്ടാകും എന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ. മറ്റ് പാര്‍ട്ടികള്‍ക്കൂടി ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് മയപ്പെടുത്തണം എന്ന് ആവശ്യപ്പെടാനാണ് സാധ്യത. ഇനി കോണ്‍ഗ്രസ് നിലപാട് മറിച്ചായാല്‍ പ്രതിപക്ഷ സഖ്യം ഉപേക്ഷിക്കാന്‍ പോലും ആം ആദ്മി തയ്യാറായേക്കും.
ഈ തീരുമാനമെടുക്കാന്‍ ആം ആദ്മിക്ക് കുറെക്കൂടി എളുപ്പമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. കാരണം കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലയില്‍ ബി ജെ പി വിരുദ്ധ വോട്ടുകളിലൂടെയാണ് ആം ആദ്മി പിടിച്ചുകയറുന്നത്. ഡല്‍ഹിയിലും പഞ്ചാബിലും ഗുജറാത്തിലുമെല്ലാം ഇതാണ് സംഭവിച്ചത്. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ബി ആര്‍ എസിനെ പോലെ ഒറ്റക്ക് നില്‍ക്കാന്‍ ആം ആദ്മി തയ്യാറായേക്കും.
ഇതുവഴി തങ്ങളുടെ സംഘടനാ ശക്തി വളര്‍ത്തുക എന്ന ലക്ഷ്യവും ആം ആദ്മിക്കുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആം ആദ്മി തങ്ങളുടെ സ്വാധീനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ മൂന്ന് സംസ്ഥാനങ്ങളും ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കുന്നവയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി മത്സരിച്ചാലും ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പരമാവധി സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാണ്. മാത്രമല്ല ഈ സംസ്ഥാനങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകം തയ്യാറാവുകയുമില്ല.
സമാജ്‌വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം എന്നിവര്‍ക്ക് സ്വാധീനമുള്ള പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും കേരളത്തിലും ഇതേ പ്രശ്‌നം അലട്ടുന്നുണ്ട്. ഇവിടെ ഈ പാര്‍ട്ടികള്‍ ബി ജെ പിയുമായും കോണ്‍ഗ്രസുമായും നേരിട്ട് പോരാട്ടത്തിലാണ്. അതിനാല്‍ സീറ്റ് പങ്കാളിത്തം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വലിയ വെല്ലുവിളിയാകും എന്നത് ഉറപ്പാണ്. 400 സീറ്റില്‍ പൊതുസ്ഥാനാര്‍ത്ഥികള്‍ എന്നതാണ് പ്രതിപക്ഷ യോഗത്തിന് മുന്നിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.












Click it and Unblock the Notifications