ഏക സിവില്‍ കോഡ്, മുത്തലാഖ്; '2024'ലെ ബിജെപി അജണ്ട വ്യക്തം; പ്രചരണത്തിന് തുടക്കം കുറിച്ച് മോദി
ഡല്‍ഹി: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിലേക്ക് കടന്ന് ഭരണ-പ്രതിപക്ഷ കക്ഷികള്‍. ലോക്സഭ തിരഞ്ഞെടുപ്പിലെ ഐക്യം ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികള്‍ പാട്നയില്‍ നടത്തിയ യോഗത്തോടെയാണ് രംഗം സജീവമായത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വെക്കുന്ന അജണ്ടയെന്തെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയും ഇന്നലെയെത്തി. ഏകസിവില്‍ കോഡ്, മുത്തലാഖ്, തുടങ്ങിയ വിഷയങ്ങള്‍ പരാമർശിച്ച മോദി പ്രതിപക്ഷ ഐക്യത്തെ വിശേഷിപ്പിച്ചത് സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ഒരു സംഘം എന്നായിരുന്നു.

പ്രധാനമന്ത്രിയായതിന് ശേഷം ഇത് ആദ്യമായാണ് ഏകസിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രി ഇത്ര ശക്തമായ പ്രതികരണം നടത്തുന്നത്. ഇതോടൊപ്പം തന്നെ മുത്തലാഖ് വിഷയവും അദ്ദേഹം ചർച്ചാ വിഷയമാക്കുന്നു. തന്റെ സർക്കാറിനെതിരെ 'ന്യൂനപക്ഷ' വിരുദ്ധം എന്ന ആരോപണം ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ഭോപ്പാലില്‍ നടന്ന 'മേരാ ബൂത്ത് സബ്‌സെ മജ്‌ബൂത്' കാമ്പയിനിന്റെ ഭാഗമായി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന മധ്യപ്രദേശ് ഉള്‍പ്പെടേയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിലും 2024 ലെ പൊതു തിരഞ്ഞെടുപ്പിലും ബിജെപി മുന്നോട്ട് വെക്കുന്ന അജണ്ടയെന്താണ് എന്നത് വ്യക്തമാക്കുന്നത് കൂടിയായിരുന്നു മോദിയുടെ പ്രസ്താവനകള്‍.
ഏക സിവില്‍ കോഡ് സംബന്ധിച്ച് പ്രതിപക്ഷം ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. 'ആളുകൾക്ക് രണ്ട് വ്യത്യസ്ത നിയമങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് പ്രവർത്തിക്കാൻ കഴിയുമോ? ആ വീട് ശരിയായി നടക്കുമോ? പിന്നെ എങ്ങനെയാണ് ഒരു രാജ്യത്തിന് രണ്ട് തരത്തിലുള്ള നിയമങ്ങൾ കൊണ്ട് പ്രവർത്തിക്കാൻ കഴിയുക? നമ്മുടെ ഭരണഘടനയും എല്ലാ ജനങ്ങൾക്കും തുല്യാവകാശം ഉറപ്പുനൽകുന്നുവെന്ന് നാം ഓർക്കണം. സുപ്രീം കോടതി പോലും ഏകസിവില്‍ കോഡിന് അനുകൂലമായിരുന്നു' പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം, ജമ്മു കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്തതിന് ശേഷം മോദി സർക്കാർ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ബിജെപിയുടെ പ്രധാന പ്രത്യയശാസ്ത്ര അജണ്ടയിലെ അവസാന ഇനമാണ് ഏകസിവില്‍ കോഡ്. അടുത്തിടെ, ലോ കമ്മീഷനും ഏക സിവില്‍ കോഡ് സംബന്ധിച്ച നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും സജീവ ചർച്ചാ വിഷയമായി ഉയർന്ന് വന്നത്.
ഗോവ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകൾ തങ്ങളുടെ ഭരണത്തിന് കീഴില്‍ ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ലോ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്റിൽ ഏകസിവില്‍ കോഡ് വിഷയം കൊണ്ടുവന്നാൽ എന്‍ഡിഎ ഇതര കക്ഷികളില്‍ നിന്നുള്‍പ്പടെ പിന്തുണ ലഭിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശീതകാല സമ്മേളനത്തിൽ വിഷയം പാർലമെന്റില്‍ ഉയർന്നുവന്നേക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിക്കുന്നു.












Click it and Unblock the Notifications