പ്രതിപക്ഷ സഖ്യം വരും, കോണ്‍ഗ്രസ് തന്നെ നയിക്കും; പ്രഖ്യാപനവുമായി ഖാര്‍ഗെ
നേരത്തെ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കണം എന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.

ന്യൂദല്‍ഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ സഖ്യം വരും എന്ന് എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. ഇത് സംബന്ധിച്ച് തങ്ങള്‍ മറ്റ് പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സഖ്യം അധികാരത്തില്‍ വരും എന്നാണ് അദ്ദേഹം പറഞ്ഞത്. ബി ജെ പി ഒരു വശത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മറുവശത്ത് അവരുടെ എല്ലാ പ്രവൃത്തികളും ജനാധിപത്യവിരുദ്ധമാണ് എന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി ഭരണഘടനയെ അല്ല പിന്തുടരുന്നത്.
രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ താനാണ് എന്നും മറ്റാര്‍ക്കും തന്നെ തൊടാന്‍ കഴിയില്ല എന്നും മോദി എത്രയോ തവണ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു ജനാധിപത്യവാദിക്ക് എങ്ങനെയാണ് അങ്ങനെ സംസാരിക്കാന്‍ കഴിയുക എന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു. നിങ്ങള്‍ സ്വേച്ഛാധിപതിയോ ഏകാധിപതിയോ അല്ല എന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഓര്‍മിപ്പിച്ചു.
2024 ല്‍ ജനങ്ങള്‍ ബി ജെ പിയെ ഒരു പാഠം പഠിപ്പിക്കും എന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. 2024ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന സഖ്യ സര്‍ക്കാരിനെ കോണ്‍ഗ്രസ് നയിക്കും എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനായി തങ്ങള്‍ മറ്റ് പാര്‍ട്ടികളുമായി സംസാരിക്കുന്നുണ്ട് എന്നും അല്ലെങ്കില്‍ രാജ്യത്തിന് ജനാധിപത്യവും ഭരണഘടനയും നഷ്ടമാകും എന്നും അദ്ദേഹം പറഞ്ഞു.
മറ്റ് പ്രതിപക്ഷ കക്ഷികളുമായി സംസാരിക്കുന്നുണ്ട്. 100 മോദിമാരോ ഷാമാരോ വരട്ടെ, ഇതാണ് ഇന്ത്യയും അതിന്റെ ഭരണഘടനയും എന്ന് ബി ജെ പിയെ മനസിലാക്കി കൊടുക്കുമെന്നും ഖാര്‍ഗെ വ്യക്തമാക്കി. റായ്പൂരില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന്റെ പ്രസ്താവന വരുന്നത് എന്നതും ശ്രദ്ധേയമാണ്.

നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications