ദേശീയ പ്രതീകങ്ങളെ അപമാനിക്കുന്നു; പ്രതിപക്ഷ ഐക്യനിരക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരെ പരാതി
ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യനിരക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിനെതിരെ പരാതി. ഇന്ത്യ എന്ന പേര് അനുചിതമായി ഉപയോഗിച്ചുവെന്നും ഇത് ദേശീയ പ്രതീകങ്ങളെ അവഹേളിക്കുന്നതാണ് എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ബരാഖംബ റോഡ് പൊലീസ് സ്റ്റേഷനില്‍ അവ്‌നിഷ് മിശ്ര എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച പ്രതിപക്ഷ മഹാ സമ്മേളനത്തില്‍ പങ്കെടുത്ത 26 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയാണ് പരാതി.
26 രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു സഖ്യം രൂപീകരിച്ചുവെന്നും അതിന് 'ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്' അഥവാ ഇന്ത്യ എന്ന് പേരിടാന്‍ തീരുമാനിച്ചതായും പരാതിക്കാരന്‍ പറയുന്നു. ഇന്ത്യ എന്ന പേര് അവരുടെ രാഷ്ട്രീയ സഖ്യത്തിന്റെ പേരായി ഉപയോഗിച്ചുകൊണ്ട് മുന്‍പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ എംബ്ലംസ് ആക്ടിലെ സെക്ഷന്‍ 3 ലംഘിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനാല്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം ശിക്ഷിക്കപ്പെടാന്‍ ബാധ്യസ്ഥരാണെന്നും പരാതിയില്‍ പറയുന്നു. തൊഴില്‍പരവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്കായി ദേശീയ ചിഹ്നങ്ങളും പേരുകളും അനുചിതമായി ഉപയോഗിക്കുന്നത് തടയുന്നതാണ് എംബ്ലംസ് ആക്ട്. അതിനാല്‍ പ്രസ്തുത കക്ഷികള്‍ക്കെതിരെ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് അവ്‌നിഷ് മിശ്ര പരാതിയില്‍ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ചയാണ് ബെംഗളൂരുവില്‍ 26 പാര്‍ട്ടികള്‍ പങ്കെടുത്ത പ്രതിപക്ഷത്തിന്റെ രണ്ടാം യോഗം നടന്നത്. ഈ യോഗത്തിലാണ് ബി ജെ പിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ'യെന്ന് പേര് നല്‍കാന്‍ തീരുമാനമായത്. യോഗത്തിലെ പ്രധാന അജണ്ടകളിലൊന്ന് സഖ്യത്തിന് എന്ത് പേര് നല്‍കുമെന്നതായിരുന്നു. യു പി എ എന്ന പേരിലായിരിക്കില്ല പ്രതിപക്ഷം ബി ജെ പിക്കെതിരെ കളത്തിലിറങ്ങുകയെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ ജയിക്കും എന്നാണ് പേരിന് നല്‍കിയിരിക്കുന്ന ടാഗ്‌ലൈന്‍. നേരത്തേ ബിഹാറിലെ പാട്‌നയില്‍ ചേര്‍ന്ന യോഗത്തില്‍ 16 പാര്‍ട്ടികളായിരുന്നു പ്രതിപക്ഷ യോഗത്തിന്റെ ഭാഗമായിരുന്നത്. കൂടുതല്‍ പാര്‍ട്ടികളെ സഖ്യത്തിന്റെ ഭാഗമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് മുന്‍നിര പാര്‍ട്ടികള്‍. മുന്നണിക്ക് 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയെ രൂപീകരിക്കും എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അറിയിച്ചിരുന്നു.
ഇത് കൂടാതെ രണ്ട് സബ് കമ്മിറ്റികളേയും നിയോഗിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടി സംബന്ധിച്ച് തീരുമാനം, സംയുക്ത പ്രതിപക്ഷ പരിപാടികള്‍, റാലികള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ ആസൂത്രണം ചെയ്യുക എന്നതായിരിക്കും കമ്മിറ്റികളുടെ ചുമതല.












Click it and Unblock the Notifications