ലക്ഷങ്ങൾ വിലയുള്ള ഫോൺ റിസർവോയറിൽ വീണു; 3 ദിവസം കൊണ്ട് വറ്റിച്ചത് 21 ലക്ഷം ലിറ്റർ വെള്ളം
റിസർവോയറിൽ വീണ വിലപിടിപ്പുള്ള ഫോൺ തിരിച്ചെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചെന്ന ആരോപണം ശക്തമായതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ചത്തീസ്ഗഢിലാണ് ഈ വിചിത്ര സംഭവം നടന്നത്. മൂന്ന് ദിവസം എടുത്താണ് വെള്ളം വറ്റിച്ചത്.കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ്‌സേഫ്റ്റി ഓഫീസറായ രാജേഷ് വിശ്വാസിനെയാണ് സസ്‌പെന്റ് ചെയ്തത്.
ഖേർകട്ട അണക്കെട്ടിൽ അവധിക്കാലം ആഘോഷിക്കാനാണ് ഇയാൾ എത്തിയത്. അബദ്ധത്തിൽ ഒരു ലക്ഷം രൂപ വില വരുന്ന തന്റെ സ്മാർട്ട് ഫോൺ റിസർവോയറിൽ വീഴുകയായിരുന്നു. നാട്ടുകാർ ഫോൺ കണ്ടെത്താൻ ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. 15 അടി താഴ്ച്ചയിലേക്കാണ് വീണത്.

ഫോൺ കിട്ടില്ലെന്ന് ഉറപ്പായതോടെ 30 എച്ച്പിയുടെ രണ്ട് ഡീസൽ പമ്പുകൾ എത്തിച്ച് മൂന്ന് ദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ചാണ് 1500 ഏക്കർ കൃഷിയിടം നനയ്ക്കാൻ ആവശ്യമായ 21 ലക്ഷം ലിറ്റർ ഒഴുക്കിക്കളഞ്ഞത്. റിസർവോയറിലെ വെള്ളം ഉപയോഗ്യശൂന്യമാണെന്നും മോലുദ്യോദസ്ഥന്റെ വാക്കാൽ ഉള്ള അനുമതി ലഭിച്ചിരുന്നുവെന്നുമാണ് രാജേഷ് പറയുന്നത്.
ഇയാൾ വെള്ളം വറ്റിക്കുന്നതായി പരാതി കിട്ടിയതിനെ തുടർന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് തടഞ്ഞത്. എന്നാൽ 15 അടിയോളം ഉണ്ടായിരുന്ന ജലം ഇയാൾ ആറടിയിൽ എത്തിച്ചിരുന്നു. കനത്ത വേനലിൽ പോലും 10 അടി വെള്ളം ഉള്ള ജലാശയമാണ് ഇയാൾ വറ്റിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
സെൽഫി എടുക്കുന്നതിനിടയിലാണ് ഇയാളുടെ ഫോൺ വീണത്. കയ്യിൽ നിന്ന് ഫോൺ തെറ്റിവീഴുകയായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞത്. ഫോണിൽ ഔദ്യോഗിക ഡാറ്റകൾ ഉണ്ടായിരുന്നതിനാൽ അത് തിരിച്ചെടുക്കേണ്ടിയിരുന്നുവെന്നും ഇയാൾ പറയുന്നു. ഫോൺ തിരിച്ചെടുക്കാൻ ശ്രമിച്ചെങ്കിൽ ഉപരിതലം പാറയായതിനാൽ സാധിച്ചില്ലെന്നും ജലവിഭവ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്ഡ തന്നോട് വെള്ളം ഉപയോഗ ശൂന്യമാണെന്ന് പറഞ്ഞത് കൊണ്ടാണ് കുറച്ച് വറ്റിച്ചതെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്.
'' ഞായറാഴ്ച അവധി ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഡാമിൽ പോയതായിരുന്നു. എന്റെ മൊബൈൽ ഓഫർഫ്‌ളോ ടാങ്കറുകളിലേക്ക് തെറ്റിവീണു. വെള്ളം ഉപയോഗയോഗ്യമല്ല. 10 അടി താഴ്ചയുള്ളതാണ്. ഫോൺ കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടോ മൂന്നോ അടി ആഴം കുറവാണെങ്കിൽ കണ്ടെത്താനാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഞാൻ എസ്ഡിഒയെ വിളിച്ചു. അങ്ങനെ ചെയ്യുന്നതിൽ പ്രശ്‌നം ഇല്ലെങ്കിൽ അടുത്ത കനാലിലേക്ക് വെള്ളം ഒഴുക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു. പ്രശ്‌നമില്ലെന്നാണ് പറഞ്ഞത്, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications