21കാരിയെ നഗ്നയാക്കി മർദ്ദിച്ച് തെരുവിലൂടെ നടത്തിച്ച് ഭർത്താവും വീട്ടുകാരും, 7 പേർ അറസ്റ്റിൽ
ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് ഭര്‍ത്താവ് അടക്കമുളളവരുടെ ക്രൂരത. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
രാജസ്ഥാനിലെ പ്രതാപ്ഗട്ട് ജില്ലയിലാണ് സംഭവം. 21 വയസ്സുകാരിയാണ് ആക്രമിക്കപ്പെട്ട യുവതി. യുവതി ഗര്‍ഭിണി ആണെന്നും പോലീസ് പറയുന്നു. പ്രചരിക്കുന്ന വീഡിയോയില്‍ യുവതിയെ വീടിന് മുന്നില്‍ വെച്ച് പ്രതിയായ ആള്‍ ബലം പ്രയോഗിച്ച് വിവസ്ത്രയാക്കുന്നതും അതിന് ശേഷം തെരുവിലൂടെ നടത്തിക്കുന്നതും കാണാം. യുവതി സഹായത്തിന് വേണ്ടി കരയുന്നതും വീഡിയോയിലുണ്ട്.

വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും അതില്‍ പ്രകോപിതരായാണ് ഭര്‍ത്താവും വീട്ടുകാരും ആക്രമിച്ചത് എന്നുമാണ് പോലീസ് പറയുന്നത്. യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തങ്ങളുടെ ഗ്രാമത്തിലേക്ക് കടത്തിക്കൊണ്ട് വരികയും അവിടെ വെച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് രാജസ്ഥാന്‍ ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.
അറസ്റ്റിലായ 7 പേരെ കൂടാതെ നാല് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളെ പിടികൂടാന്‍ 6 പോലീസ് ടീമുകളെ നിയോഗിച്ചിരുന്നു. മാത്രമല്ല പ്രതാപ്ഗഡ് എസ്പി അമിത് കുമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ചു. ആക്രമണത്തിന് ഇരയായ യുവതിക്ക് സര്‍ക്കാര്‍ ജോലിയും പത്ത് ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
ഇത്തരം ക്രിമിനലുകള്‍ക്ക് പുരോഗമന സമൂഹത്തില്‍ യാതൊരു സ്ഥാനവും ഇല്ലെന്ന് അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. പ്രതികളെ അഴിക്കുളളിലാക്കുമെന്നും അതിവേഗ കോടതി വഴി വിചാരണ നടത്തി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്ന തിരക്കില്‍ ആണെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുടെ കാര്യം പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുകയാണ്. രാജസ്ഥാനിലെ ജനങ്ങള്‍ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്നും ജെപി നദ്ദ പറഞ്ഞു.












Click it and Unblock the Notifications