കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു! ഒരു ദിവസം ഇത്രയേറെപ്പേർക്ക് ഇതാദ്യം!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1251 ആയി. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഇത്രയേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് ബാധിച്ച് 32 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുളളത്. 102 പേർ ഇതിനകം രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.

രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഇന്ന് മാത്രം 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ദില്ലിയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 97 ആയി ഉയര്‍ന്നു. ഏപ്രില്‍ 14 വരെയുളള ലോക്ക് ഡൗണ്‍ നീട്ടും എന്ന തരത്തിലുളള പ്രചാരണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തളളിക്കളഞ്ഞു. സാമ്പത്തിക വര്‍ഷം അടുത്ത ജൂണ്‍ വരെ നീട്ടും എന്നുളള പ്രചാരണവും വാസ്തവ വിരുദ്ദമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

തെലങ്കാനയില്‍ 6 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഈ ആറ് പേരും ദില്ലി നിസ്സാമുദ്ദീനിലെ ദര്‍ഗയില്‍ സംഘടിപ്പിച്ച മതപരിപാടിയില്‍ പങ്കെടുത്തവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മര്‍ക്കസ് അധികൃതര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കും. പോലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മര്‍ക്കസിലേക്ക് ആരെയും പ്രവേശിപ്പിച്ചിട്ടില്ല എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്തും മര്‍ക്കസില്‍ നിരവധി പേരുണ്ടായിരുന്നുവെന്നും പോലീസിന് നല്‍കിയ മറുപടിയില്‍ അധികൃതര്‍ വിശദീകരിക്കുന്നു.

Corona

കുടിയേറ്റ തൊഴിലാളികളുടെ പലായനം തുടരുന്നതിനിടെ ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ അതിര്‍ത്തി അടച്ചു. ദില്ലിയോട് ചേര്‍ന്ന് നില്‍ക്കുന്ന അതിര്‍ത്തിയാണ് അടച്ചത്. കുടിയേറ്റ തൊഴിലാളികളോട് അവര്‍ ഇപ്പോഴുളള സ്ഥലത്ത് തന്നെ തുടരാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചു. കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണിത്. കൊവിഡ് വ്യാപനം തടയാന്‍ പഞ്ചാബ് ഏപ്രില്‍ 14 വരെ കര്‍ഫ്യൂ തുടരും. സംസ്ഥാനം അതിര്‍ത്തികള്‍ അടച്ചു.

അതിനിടെ കേരളത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 32 പേര്‍ക്കാണ്. ഇവരില്‍ 17 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ച് എത്തിയവരാണ്. എന്നാല്‍ 15 പേരിലേക്ക് വൈറസ് എത്തിയത് രോഗികളുമായുളള സമ്പര്‍ക്കത്തിലൂടെയാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ 213 ആയി. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച 32 പേരില്‍ 17 പേരും കാസര്‍കോട് സ്വദേശികളാണ്. 11 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. വയനാട്, ഇടുക്കി ജില്ലകളിലായി രണ്ട് പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,57,257 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുളളത്. ഇതില്‍ 620 പേരാണ് ആശുപത്രികളിലുളളത്. 1,56,660 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്.

English summary
227 New Coronavirus Cases Confirmed In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X