ഫേസ്ബുക്കിൽ ലൈവായി യുവാവിന്റെ ആത്മഹത്യ; പ്രതികരിക്കാതെ കണ്ടുനിന്നത് 2300 പേർ
ദില്ലി: ഫേസ് ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ദില്ലി ഗുരുഗ്രാമിലാണ് സംഭവം. 27 കാരനായ അമിത് ചൗഹാനാണ് തന്റെ മരണം ഫേസ്ബുക്കിൽ ലൈവാക്കിയത്. ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്. സ്വന്തം മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിയായിരുന്നു യുവാവിന്റെ ആത്മഹത്യ.
രണ്ടായിരത്തി മുന്നൂറ് പേരാണ് അമിതിന്റെ മരണം ഫേസ്ബുക്കിൽ കണ്ടത്. എന്നാൽ ആരും പോലീസിനെയോ അമിതിന്റെ കുടുംബത്തെയോ അറിയിക്കുകയോ ആത്മഹത്യ തടയാൻ ശ്രമം നടത്തുകയോ ചെയ്തില്ലയെന്നതാണ് ഞെട്ടിക്കുന്ന സത്യം.

ഭാര്യ പ്രീതിയുമായി ഉണ്ടായ കലഹമാണ് അമിതിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മിൽ കലഹിച്ച ശേഷം പ്രീതി കുട്ടികളുമായി അയൽവീട്ടിലേക്ക് പോയി. ഈ സമയമാണ് അമിത് ആത്മഹത്യ ചെയ്തത്. 2 മണിക്കൂറിന് ശേഷം പ്രീതി തിരിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ അമിതിനെ കണ്ടത്.
അമിതിന്റെ സുഹൃത്തുക്കൾ അടക്കം നിരവധി പേർ ഫേസ്ബുക്കിലൂടെ ആത്മഹത്യ തത്സമയം കണ്ടെങ്കിലും ആരും പ്രീതിയെ വിളിച്ച് അറിയിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. കുറച്ചുനാളുകളായി അമിത് മാനസിക വിഭ്രാന്തി കാണിച്ചിരുന്നതായും മാനസിക രോഗത്തിന് ചികിത്സ തേടിയതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
തന്റെ വീഡിയോ ഷെയർ ചെയ്യണമെന്നാവശ്യപ്പെട്ട് അമിത് ആത്മഹത്യയ്ക്ക് മുൻപ് മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. പോലീസെത്തുന്നതിന് മുൻപ് തന്നെ വീട്ടുകാർ അമിത്തിന്റെ ശവസംസ്കാരം നടത്തി. സംഭവം അറിഞ്ഞെത്തിയ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications