ബെംഗളൂരുവില്‍ 25 ലക്ഷം എന്‍ജിനീയര്‍മാര്‍, കാലിഫോര്‍ണിയയില്‍ 13 ലക്ഷം; നിക്ഷേപകരെ ക്ഷണിച്ച് ഡികെ ശിവകുമാര്‍
ദാവോസ്: ഏഷ്യയിലെ ഐടി തലസ്ഥാനമെന്ന നിലയിലാണ് ബെംഗളൂരുവിന്റെ സ്ഥാനം. ഐടി രംഗത്ത് അതിവേഗമാണ് ബെംഗളൂരുവിന്റെ വളര്‍ച്ച. പ്രശസ്തമായ ഒട്ടുമിക്ക ആഗോള കമ്പനികളെല്ലാം ബെംഗളൂരുവില്‍ തങ്ങളുടെ ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയിലും കര്‍ണാടക സര്‍ക്കാര്‍ ബെംഗളൂരുവിന് വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്ന ആഗോള നിക്ഷേപകരെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലേക്കു ക്ഷണിച്ചിരിക്കുകയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ലോകത്തിന്റെ സാങ്കേതിക ഭാവി രൂപപ്പെടുത്തുന്ന 'ഭാവിയിലെ നഗരം' എന്നാണ് ബെംഗളൂരുവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

'ബെംഗളൂരുവാണ് ഭാവിയുടെ നഗരം. നല്ല കാലാവസ്ഥ, സംസ്‌കാരം, മാനവ വിഭവശേഷി എന്നിവ നമുക്കുണ്ട്. നിരവധി ആഗോള കമ്പനികള്‍ നഗരത്തില്‍ വളര്‍ച്ച പ്രാപിക്കുന്നു. ഞങ്ങളുടെ നഗരത്തിലേക്കും നിങ്ങളെ സ്വാഗതം ചെയ്യുന്നു' - നിക്ഷേപകരോട് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിന്റെ വികസന സാധ്യതകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ ഉപമുഖ്യമന്ത്രി അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമായ കാലിഫോര്‍ണിയയില്‍ 13 ലക്ഷം എന്‍ജിനീയര്‍മാര്‍ ഉള്ളപ്പോള്‍ ബെംഗളൂരുവില്‍ മാത്രം 25 ലക്ഷം എന്‍ജിനീയര്‍മാരുണ്ടെന്ന കണക്കുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ബെംഗളൂരുവിലെ യുവത്വത്തിന്റെ ടാലന്റിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. 500-ലധികം മുന്‍നിര ആഗോള കമ്പനികള്‍ നിലവില്‍ ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം നിക്ഷേപകരെ ഓര്‍മ്മിപ്പിച്ചു. ഐടി മേഖലയ്ക്ക് പുറമെ ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലും ബെംഗളൂരു കൈവരിച്ച നേട്ടങ്ങള്‍ നിക്ഷേപകരെ ആകര്‍ഷിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആഗോള കമ്പനികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ബെംഗളൂരു മാറുകയാണെന്ന് ദാവോസില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്തുകൊണ്ട് ശിവകുമാര്‍ പറഞ്ഞു. നിക്ഷേപവും ബെംഗളൂരുവിന്റെ വളര്‍ച്ചയെയും പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓരോ വര്‍ഷവും കര്‍ണാടകയിലെ 70 മെഡിക്കല്‍ കോളജുകള്‍ ഏകദേശം 1.5 ലക്ഷം മെഡിക്കല്‍ പ്രൊഫഷണലുകളെ സംഭാവന ചെയ്യുന്നുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
അടുത്ത 25 വര്‍ഷത്തേക്കുള്ള വലിയ വികസന പദ്ധതികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ മെട്രോ റെയില്‍ ശൃംഖല 2027-ഓടെ 153 കിലോമീറ്ററായി വ്യാപിപ്പിക്കും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ മികച്ച കാലാവസ്ഥയും സംസ്‌കാരവും നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യതയും ഐടി കമ്പനികള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഒരുക്കുന്നത്. പുതിയ നിക്ഷേപകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുമെന്നും ശിവകുമാര്‍ ദാവോസില്‍ വ്യക്തമാക്കി. ഐടി മേഖലയിലെ വികസനം ബെംഗളൂരുവില്‍ മാത്രം ഒതുക്കാതെ കര്‍ണാടകയിലെ മറ്റ് ചെറുകിട നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും മികച്ച നിലവാരമുള്ള ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാവോസില്‍ ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗയുമായും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സാമ്പത്തിക വിദഗ്ധരുമായും ഡികെ ശിവകുമാര്‍ ചര്‍ച്ച നടത്തി.












Click it and Unblock the Notifications