92 പ്രജനനകേന്ദ്രങ്ങൾ, 256 ഭീമൻ ദിനോസർ മുട്ടകൾ; മധ്യ ഇന്ത്യയിൽ 6.6 കോടി വർഷം മുമ്പത്തെ ദിനോസർ കോളനി

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ ദിനോസർ കോളനിയിൽ ഒന്നിന്റെ ഫോസിൽ തെളിവുകൾ ഇന്ത്യയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിലെ ഗുണ്ടുപള്ളി വി.ആർ. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പഠനം. മദ താഴ്‌വരയിൽ ടൈറ്റാനോസെറസ് വിഭാഗത്തിൽപെട്ട ദിനോസറുകളുടെ 256 മുട്ടകളും വാസസ്ഥലങ്ങളും കണ്ടെത്തിയതായി ശാസ്ത്രജ്ഞർ പറഞ്ഞു.
ഡൽഹി സർവകലാശാലയിലെയും മോഹൻപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷനിലെയും ഗവേഷകരാണു മധ്യപ്രദേശിലെ ധർ ജില്ലയിലെ ബാഗ്, കുക്ഷി മേഖലകളിൽനിന്നു ഫോസിലുകൾ കണ്ടെത്തിയത്. ഇതെക്കുറിച്ചുള്ള വിവരങ്ങൾ പിഎൽഒഎസ് വൺ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. മുട്ടകൾ സയൻസ് ഫെസ്റ്റിവലിലെ സ്റ്റാളിൽ പ്രദർശിപ്പിക്കുന്നുണ്ട്. സസ്യഭുക്കുകളായ ഭീമൻ ദിനോസറുകളാണ് ടൈറ്റാനോസെറസ്. ഒട്ടേറെ ഉപവിഭാഗങ്ങൾ ഇവയിലുണ്ട്.
മധ്യ ഇന്ത്യയിൽ ഏതാണ്ട് ആയിരം കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ദിനോസർ കോളനിയുടെ ഫോസിൽ തെളിവുകളാണ് 'പ്ലോസ് വൺ ജേർണലിൽ' ഗവേഷകർ പ്രസിദ്ധീകരിച്ചത്. 6.6 കോടി വർഷം പഴക്കമുള്ള ആ ദിനോസർ കോളനിയിൽ 92 പ്രജനനകേന്ദ്രങ്ങളിൽ നിന്നായി 256 ഫോസിൽ മുട്ടകൾ കണ്ടെടുത്തു എന്നാണ് വിവരം.
സസ്യഭുക്കുകളായ 'ടൈറ്റാനോസോറുകളി' (titanosaurs) ൽ ഉൾപ്പെട്ട ആറ് വ്യത്യസ്ത ദിനോസർ സ്പീഷീസുകളുടെ ഫോസിലുകൾ പഠനത്തിൽ തിരിച്ചറിഞ്ഞു. 15 മുതൽ 17 സെന്റീമീറ്റർ വരെ വ്യാസമുള്ളതാണ് ഫോസിൽ മുട്ടകൾ. ഓരോ കേന്ദ്രത്തിലും ഒന്നു മുതൽ 20 വരെ മുട്ടകൾ കണ്ടെടുത്തു. ഇതുവരെ കരുതിയതിലും കൂടുതൽ വൈവിധ്യം ടൈറ്റാനോസോറുകൾക്ക് ഉണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഭൂമിയിൽ ജീവിച്ചിരുന്നതിൽ ഏറ്റവും വലിയ ദിനോസറുകളിൽ പെടുന്നവയാണ് ടൈറ്റാനോസറുകൾ.
വലിയ ജീവികളായിരുന്നു എങ്കിലും അവ മികച്ച രക്ഷിതാക്കളായിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. 'അടുത്തടുത്തുള്ള പ്രജനനകേന്ദ്രങ്ങൾ വ്യക്തമാക്കുന്നത് അതാണ്'. 1990 കളിൽ ഈ ദിനോസർ കോളനിയിൽ നിന്ന് ഫോസിൽ മുട്ടകൾ ആദ്യം ലഭിച്ചു. പുതിയ പഠനം മുഖ്യമായും കേന്ദ്രീകരിച്ചത് മധ്യപ്രദേശിലെ ഥാർ (Dhar) മേഖലയിലും പരിസരത്തുമാണ്. 2017, 2018, 2020 വർഷങ്ങളിൽ നടന്ന ഉത്ഖനനം ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് ഗവേഷകരെ എത്തിച്ചു. മികച്ച രീതിയിൽ സൂക്ഷിക്കപ്പെട്ട ഫോസിൽ മുട്ടകളാണ് കണ്ടെത്തിയത്. മുട്ടകളുടെ തോടിൽ നിന്ന് വിഘടിച്ച പ്രോട്ടീൻ ശകലങ്ങളും ഗവേഷകർക്ക് ലഭിച്ചു.












Click it and Unblock the Notifications