മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയെ നാളെ ഡൽഹിയിലെത്തിക്കും; യുഎസിൽ നിന്ന് പുറപ്പെട്ടു..
ഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവുർ റാണയുമായി പ്രത്യേക വിമാനം യു എസിൽ നിന്ന് പുറപ്പെട്ടതായി വിവരം. നാളെ ഉച്ചയ്ക്ക് റാണയെ ഡൽഹിയിലെത്തിക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി ഉടൻ അറസ്റ്റ് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെയും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെയും സംയുക്ത സംഘമാണ് ഇയാളെ തിരികെ കൊണ്ടുവരുന്നത്.ഇയാളെ ഡൽഹി കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു, ഇപ്പോൾ എപ്പോൾ നഗരത്തിലേക്ക് മാറ്റുമെന്ന് ഔദ്യോഗികമായി മുംബൈ പോലീസിനെ അറിയിച്ചിട്ടില്ല.

റാണയുടെ കൈമാറ്റം മുംബൈ ഭീകരാക്രമണ ഗൂഢാലോചനയുടെ അന്വേഷണത്തിൽ നിർണായകമാകും. 17 വർഷത്തിന് ശേഷമാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കൈകളിൽ റാണ എത്തുന്നത്. തഹാവൂർ റാണയുടെ അപ്പീൽ തിങ്കളാഴ്ച യു എസ് കോടതി തള്ളിയിരുന്നു.
ഫെബ്രുവരി 27 നാണ് തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ യു എസ് സുപ്രീം കോടതിയിൽ അടിയന്തര ഹർജി നൽകുന്നത്. കനേഡിയൻ പൗരനായ റാണയെ കൈമാറണമെന്ന് ഇന്ത്യ കുറെനാളുകളായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് റാണ കോടതിയെ സമീപിക്കുകയായിരുന്നു.
പകിസ്ഥാൻ വംശജനായ താൻ ഒരു മുസ്ലിം ആയതിനാൽ ഇന്ത്യയിലേക്ക് നാട് കടത്തിയാൽ കടുത്ത പീഡനം ഏൽക്കാനുള്ള സാധ്യതയുണ്ടെന്നും റാണ പറഞ്ഞിരുന്നു. റാണയെ ഡൽഹിയിൽ എത്തിച്ചാലുടൻ കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി എൻ ഐ എ കസ്റ്റഡിയിലേക്ക് മാറും.
64 കാരനായ റാണയ്ക്ക് മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാന പ്രതി പാക് - അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി അടുത്ത ബന്ധമുണ്ട്. ആക്രമണത്തിനായി ലഷ്കർ ഇ തൊയ്ബയുമായി ചേർന്ന് ഇരുവരും ഗൂഢാലോചന നടത്തിയെന്നും റാണ ഭീകർക്ക് ചെയ്തുവെന്നുമാണ് കണ്ടെത്തൽ. കേസിൽ 2009 ൽ ഷിക്കാഗോയിൽ വെച്ച് എഫ് ബി ഐയാണ് റാണയെ അറസ്റ്റ് ചെയ്തത്.
2008 നവംബർ 26 ന് 166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണത്തിൽ മുംബൈയിലെ സുപ്രധാന മേഖലകളിലാണ് ഭീകരർ ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി ടെർമിനസ്, താജ് ഹോട്ടൽ, നരിമാൻ ഹൗസ, തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങളിലാണ് 10 ലഷ്കർ ഇ തൊയ്ബയിലെ ഭീകരർ ആക്രമണം നടത്തിയത്.
റാണയെ ചോദ്യം ചെയ്താൽ ഭീകരാക്രമണത്തിൽ പാക്ക് ചാര സംഘടനയായ ഐ എസ് ഐയുടെ പങ്കിനെക്കുറിച്ച് അടക്കം നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് യു എസ് പൗരന്മാർ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications