ഇറാനിൽ കുടുങ്ങിയ 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു? വാദം ഇന്ത്യൻ തീർത്ഥാടകന്റെത്, സത്യാവസ്ഥ...
ദില്ലി: ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതായി ലഡാക്കിൽ നിന്നുള്ള തീർത്ഥാടകരും അവകാശപ്പെടുന്നുണ്ട്. കാർഗിലിലിൽ നിന്നുള്ള
ട്രാവൽ ഏജന്റിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 60 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചോടെ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 260 പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാനിലെ ഖൂമിലാണ് രോഗബാധിതരുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ആഗോള തലത്തിൽ 199,396 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 8000 കടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 145 പേർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുള്ള്. ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 35ലധികം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Recommended Video

389 പേർ മടങ്ങി
ഇന്ത്യൻ അധികൃതർ ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചതോടെ ഖൂം നഗരത്തിൽ കുടുങ്ങിയ 800 പേരിൽ 70 പേർ ഖൂം വിട്ട് വിമാനത്താവളത്തിലേക്ക് പോയിട്ടുണ്ട്. തിങ്കളാഴ്ച വരെ 389 ഇന്ത്യക്കാരെയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിച്ചത്. ഇവരിൽ 205 പേർ ഇന്ത്യൻ തീർത്ഥാടകർ ആണെന്നും ട്രാവൽ ഏജന്റ് പറയുന്നു. ഇവരെ രാജസ്ഥാനിലെ ജയ്സാൽമറിലടക്കം വിവിധ സൈനിക കേന്ദ്രങ്ങളിലടക്കം നിരീക്ഷണത്തിൽ കഴിയുകയാണ്.

സ്ഥിരീകരണമില്ല
ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന വിവരം ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലുള്ള ചില ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. എന്നാൽ 250 ലധികം പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ഇന്ത്യൻ എംബസിയെ അറിയിച്ചതായാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ലഡാക്ക് നിവാസികളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.

ഇറാൻ കൈകാര്യം ചെയ്യുമെന്ന്
സോഷ്യൽ മീഡിയിൽ ഇത് സംബന്ധിച്ച് പ്രചരിക്കുന്ന പട്ടിക ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഒരു രാജ്യത്ത് വൻ തോതിൽ കൊറോണ വൈറസ് വ്യാപിക്കുമ്പോൾ അവർക്കിടയിലുള്ള ചില ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്വാഭാവികമാണ്. ഇനി ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽത്തന്നെ ആ രാജ്യം ഈ വിഷയങ്ങൾ കൈകാര്യം ചെയ്യും. അതാണ് അവർ മറ്റുള്ള വിദേശികളോട് പുലർത്തുന്ന നിലപാടെന്നും വിദേശ കാര്യ അഡീഷണൽ സെക്രട്ടറി ദാമു രവി പ്രതികരിച്ചു.

സുരക്ഷാ മുന്നൊരുക്കങ്ങൾ
53 അംഗ സംഘത്തിലെ 18 പേർർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലഡാക്കിലെ ലേയിൽ നിന്നുള്ള 44കാരനായ തീർത്ഥാടകനാണ് പറഞ്ഞത്. എന്നാൽ രോഗബാധിതരെ അല്ലാത്തവരിൽ വേർതിരിക്കാനോ മാറ്റിത്താമസിപ്പിക്കാനോ ഉള്ള ഒരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരാഴ്ച മുമ്പാണ് ഇന്ത്യൻ എംബസിയിലെ സംഘം എന്റെ രക്ത സാമ്പിളുകൾ ശേഖരിച്ചത്. ഞങ്ങളിൽ 19 പേർക്ക് കൊറോണ ബാധയുണ്ടെന്നാണ് പരിശോധനാ ഫലം. ആദ്യ ദിനം മുതൽ ഞങ്ങൾ ആവശ്യപ്പെടുന്നത് ഞങ്ങളെ ഐസൊലേഷനിൽ പാർപ്പിക്കണമെന്നാണ്.

മരണം 988ലെത്തി
മധ്യേഷ്യയിൽ ഇതിനകം 18,000 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 16,000 പേരും ഇറാനിലാണ്. ചൊവ്വാഴ്ചയോടെ 988 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മധ്യേഷ്യയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായിരുന്നു ഇറാൻ. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,178 പേർക്കാണ് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന വിവരം. രാജ്യത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയ് നിർദേശിച്ചിരുന്നു.












Click it and Unblock the Notifications