28 ബംഗാളി മുസ്ലീങ്ങളെ വിദേശികളായി മുദ്രകുത്തി ട്രാന്‍സിറ്റ് ക്യാംപിലേക്ക് മാറ്റി അസം സര്‍ക്കാര്‍
ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി പ്രവേശിച്ചതെന്ന് ആരോപിച്ച് അസമിലെ ബാര്‍പേട്ട ജില്ലയിലെ ബംഗാളി മുസ്ലീം സമുദായത്തില്‍ പെട്ട 28 പേരെ തടവിലാക്കി ട്രാന്‍സിറ്റ് ക്യാംപിലേക്കയച്ച് സംസ്ഥാന സര്‍ക്കാര്‍. ഫോറിനര്‍ ട്രിബ്യൂണലുകള്‍ ആണ് 28 പേരെ 50 കിലോമീറ്റര്‍ അകലെയുള്ള ഗോള്‍പാറ ജില്ലയിലുള്ള ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് അയച്ചിരിക്കുന്നത്.
തിങ്കളാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 28 കുടുംബങ്ങളില്‍ നിന്ന് ഓരോരുത്തരെ വീതം പൊലീസ് സ്റ്റേഷനുകളിലേക്ക് വിളിച്ചിരുന്നുവെന്നും തുടര്‍ന്ന് അവരെ എസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തി നിര്‍ബന്ധിതമായി ബസില്‍ കയറ്റിയതായും ബാര്‍പേട്ടയിലെ പ്രാദേശിക പ്രവര്‍ത്തകനായ ഫാറൂഖ് ഖാന്‍ പറഞ്ഞു. അസം പൊലീസിന്റെ അതിര്‍ത്തി ബ്രാഞ്ച് അവര്‍ക്ക് 'വിദേശികളുടെ' നോട്ടീസ് നല്‍കുകയും അവരുടെ കേസുകള്‍ ഫോറിനര്‍ ട്രിബ്യൂണലുകളിലേക്ക് കൈമാറുകയും ചെയ്തു.

നിരവധി ഹിയറിംഗുകള്‍ക്ക് ശേഷം പിന്നീട് ഇവരെ വിദേശികളായി പ്രഖ്യാപിക്കുകയായിരുന്നു എന്നും ഫാറൂഖ് ഖാന്‍ പറഞ്ഞു. 1946 ലെ ഫോറിനേഴ്സ് ആക്ട് പ്രകാരം അനധികൃത കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച അര്‍ദ്ധ ജുഡീഷ്യല്‍ ബോഡികളാണ് ഫോറിനര്‍ ട്രിബ്യൂണലുകള്‍. ഡി (സംശയമുള്ള) വോട്ടര്‍മാരുടെയും വിദേശികളുടെയും കേസുകള്‍ കൈകാര്യം ചെയ്യാന്‍ അസമിലുടനീളം ഇത്തരത്തിലുള്ള നൂറോളം ട്രൈബ്യൂണലുകള്‍ ഉണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ള 'അനധികൃത കുടിയേറ്റക്കാരെ' കണ്ടെത്താന്‍ തദ്ദേശീയരായ ആസാമികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് അസമില്‍ ഇത്തരം ട്രിബ്യൂണലുകള്‍ സ്ഥാപിച്ചത്. 'അനധികൃത കുടിയേറ്റക്കാര്‍' അസമീസ് ജനതയുടെ സ്വത്വത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. സംസ്ഥാനത്ത് ആകെ 1,19,570 ഡി-വോട്ടര്‍മാര്‍ ഉണ്ടെന്നും അതില്‍ 54,411 പേരെ ട്രൈബ്യൂണലുകള്‍ വിദേശികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അസം ആഭ്യന്തര വകുപ്പ് ഓഗസ്റ്റ് 22 ന് സംസ്ഥാന നിയമസഭയെ അറിയിച്ചിരുന്നു.
2017 മുതല്‍ ഇത്തരത്തില്‍ 16 പേരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയിട്ടുണ്ട്. 1997-ല്‍ പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പ്രകാരം ഡി-വോട്ടര്‍മാരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ ഗോള്‍പാറയിലെ മാറ്റിയയിലുള്ള ഫോറിന്‍ ട്രാന്‍സിറ്റ് ക്യാമ്പില്‍ നിലവില്‍ 210 'പ്രഖ്യാപിത വിദേശികള്‍' ഉണ്ടെന്നും ആഭ്യന്തര വകുപ്പ് നിയമസഭയെ അറിയിച്ചു.
ബംഗാളി മുസ്ലിങ്ങളെ 'മിയകള്‍' എന്നാണ് അസമില്‍ വിളിക്കുന്നത്. ഭരണകക്ഷിയായ ബിജെപി ഉള്‍പ്പെടെ പലരും അവരെ 'നുഴഞ്ഞുകയറ്റക്കാരും' അസമികളുടെ സ്വത്വത്തിന് ഭീഷണിയും ആയാണ് കണക്കാക്കുന്നത്. എന്നാല്‍ ഹിന്ദു കുടിയേറ്റക്കാരെ ബിജെപി ഒരു ഭീഷണിയായി കണക്കാക്കുന്നില്ല. ഹിന്ദു ബംഗാളികളുടെ ഡി വോട്ടര്‍ പ്രശ്‌നം ആറ് മാസത്തിനകം പരിഹരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പറഞ്ഞിരുന്നു.












Click it and Unblock the Notifications