2ജി സ്‌പെക്ട്രം: എ രാജയ്ക്കും കനിമൊഴിക്കും തിരിച്ചടി, സിബിഐ ഹർജി സ്വീകരിച്ച് ഹൈക്കോടതി
ഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർക്ക് തിരിച്ചടി. കേസില്‍ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സി ബി ഐയുടെ അപ്പീൽ ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച ഹർജിയില്‍ സ്വീകരിച്ചു. കേസില്‍ പ്രതികളായ യു പി എ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും സി ബി ഐ ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.
2017 ഡിസംബറിൽ പ്രത്യേക കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു. ഏഴ് വർഷമായി സിബിഐ യ്ക്ക് അഴിമതി സംബന്ധിച്ച് ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സി ബി ഐ 2018ൽ തന്നെ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിയിൽ വ്യക്തമായ നിയമവിരുദ്ധതയുണ്ടെന്നാണ് സി ബി ഐ ഹർജിയിലൂടെ വ്യക്തമാക്കുന്നത്.

എ രാജയെയും കനിമൊഴിയെയും കൂടാതെ മുൻ ടെലികോം സെക്രട്ടറി സിദ്ധാർത്ഥ് ബെഹുറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ കെ ചന്ദോലിയ, യുണിടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സഞ്ജയ് ചന്ദ്ര, റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിൻ്റെ (റാഡാഗ്) മൂന്ന് മുൻനിര ഉദ്യാഗസ്ഥരായ ഗൗതം ദോഷി, സുരേന്ദ്ര പിപാര, ഹരി നായർ എന്നിവരെയായിരുന്നു നേരത്തെ കോടതി വെറുതെ വിട്ടത്.
2007 സെപ്തംബർ 25 വരെ യുണിടെക് എംഡി സഞ്ജയ് ചന്ദ്ര, സ്വാൻ ടെലികോമിൻ്റെ ഷാഹിദ് ബൽവ, വിനോദ് ഗോയങ്ക എന്നിവർക്ക് ആനുകൂല്യം ലഭിക്കുന്നതിനായി 2ജി സ്പെക്ട്രം അനുവദിക്കുന്നതിനുള്ള അപേക്ഷകൾ പരിഗണിക്കുന്നതിനുള്ള കട്ട് ഓഫ് തീയതി മാറ്റാൻ രാജ തൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി ചന്ദോലിയയുമായി ഗൂഢാലോചന നടത്തിയെന്നാണ് 2011ൽ സമർപ്പിച്ച കുറ്റപത്രത്തിൽ സി ബി ഐ ആരോപിക്കുന്നത്.
176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വെച്ചതിലൂടെ ഉൻടായിട്ടുണ്ടെന്നായിരുന്നു കമ്പ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സി.എ.ജി (C.A.G) കൻടെത്തൽ. കേസില്‍ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാണ് സി ബി ഐ (C.B.I) അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications