തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്കി കേന്ദ്രം; കരാര്‍ 50 വര്‍ഷത്തേക്ക്
ദില്ലി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പീന് ലീസിന് നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരത്തിന് പുറമെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെകീഴിലുള്ള ജയ്പൂർ, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ പാട്ടത്തിന് നൽകാനുള്ള നിർദേശം ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അറിയിച്ചത്.
ഒന്നാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന കാലയളവില്‍ 2019 ഫെബ്രുവരിയില്‍ ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, തിരുവനന്തപുരം, ഗുവാഹത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് 2019 സെപ്റ്റംബറിൽ അമൃത്സർ, വാരണാസി, ഭുവനേശ്വർ, ഇൻഡോർ, റായ്പൂർ, ട്രിച്ചി എന്നി വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് ശുപാർശ നൽകി.
കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഈ പട്ടികയില്‍ ഡസന്‍ കണക്കിന് വിമാനങ്ങള്‍ കൂടി വരാനിരിക്കുന്നുണ്ട്. 2030 കൂടി 100 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുമെന്നും ഒരു വെബിനാറില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
2020 ഫെബ്രുവരിയില്‍ നടന്ന മത്സര ലേലം വിളിയിലൂടെ ആറ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അധികാരം അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയിരുന്നു. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ, തിരുവനന്തപുരം, ജയ്പൂര്‍, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ വലിയ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇതു അവഗണിച്ച് അദാനി ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര തീരുമാനിക്കുകയായിരുന്നു.