കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും സൗദിയും സംയുക്ത നീക്കത്തിന്; ഭീകരരെ തുരത്താന്‍ പദ്ധതി, മൂന്ന് യുദ്ധക്കപ്പലുകള്‍ ജിദ്ദയില്‍

ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് ആദിത്യ തുടങ്ങിയ നാവികസേനാ കപ്പലുകളാണ് ജിദ്ദയില്‍ എത്തിയത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും സൗദി അറേബ്യയും പ്രതിരോധ മേഖലയില്‍ കൂടുതല്‍ സഹകണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ സൗദിയിലെത്തി. ഇരുരാജ്യങ്ങളുടെയും സൈനികര്‍ യുദ്ധമുഖത്തും മറ്റും സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ പരസ്പരം പങ്കുവയ്ച്ചു. സൗദി സൈനികമായി പല മേഖലയിലും തകരുന്ന വേളയിലാണ് ഇന്ത്യയുടെ കൈത്താങ്ങ്.

ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് ആദിത്യ തുടങ്ങിയ നാവികസേനാ കപ്പലുകളാണ് ജിദ്ദയില്‍ എത്തിയത്. ആഫ്രിക്കയുടെ വടക്കന്‍ തീരത്തും മധ്യധരണ്യാഴിയോട് ചേര്‍ന്ന പ്രദേശത്തുമുള്ള രാജ്യങ്ങളുമായി ഇന്ത്യ പ്രതിരോധ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. സൗദി പ്രതരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാനും ശ്രമിക്കുന്നുണ്ട്.

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍

മധ്യധരണ്യാഴിയില്‍ ഇന്ത്യന്‍ നാവിക സേന നേരത്തെ പല നീക്കങ്ങളും നടത്തിയിട്ടുണ്ട്. സോമാലിയന്‍ തീരത്തെ കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം പലപ്പോഴും ഇടപ്പെട്ടിരുന്നു. സൗദിയില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ എത്തിയത് പുതിയ ചില നീക്കങ്ങളുടെ ഭാഗമാണെന്ന് നാവിക സേനാ വക്താവ് കാപ്റ്റന്‍ ഡികെ ശര്‍മ പറഞ്ഞു. ലോകത്ത് ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങളാണ് ഇന്ത്യയും സൗദിയും.

ഇരുരാജ്യങ്ങളും ഒരുമിച്ചാല്‍

ഔദ്യോഗികമായ നീക്കങ്ങള്‍ക്ക് പുറമെ കായികവും സാമൂഹികവുമായ ചില വിനോദങ്ങളിലും ഇരുരാജ്യങ്ങളുടെയും സൈനികരും ഇടപെടുമെന്ന് ശര്‍മ നേരത്തെ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ചാല്‍ സുരക്ഷാ മേഖലയില്‍ വന്‍ നീക്കങ്ങള്‍ നടത്താനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. പശ്ചിമേഷ്യയിലെ ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യമാണെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സൗദി മേധാവിത്വം നഷ്ടപ്പെടുന്നു?

വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ മുസ്ലിം, അറബ് രാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യക്കുണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ സേനാ സഹകരണം ശ്രദ്ധേയമാകുന്നത്. സൗദിയുടെ ഓരോ വിദേശ ഇടപെടലും സാമ്പത്തിക പ്രതിസന്ധിയുമാണ് സൗദിയുടെ മേധാവിത്വം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടാക്കിയത്.

അമേരിക്കയുടെയും ജര്‍മനിയുടെയും റിപ്പോര്‍ട്ട്

2014ല്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്റണ്‍ തയ്യാറാക്കിയ രേഖയില്‍ സൗദിയും ഖത്തറും സുന്നി ഭരണകൂടങ്ങള്‍ക്കിടയിലെ പ്രധാന ശക്തികളാകുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. ഈ രേഖ വിക്കിലീക്സ് ആണ് പുറത്തുവിട്ടത്. പിന്നീട് 2015ല്‍ ജര്‍മന്‍ വിദേശ രഹസ്യാന്വേഷണ വിഭാഗമായ ബിഎന്‍ഡിയും സമാനമായ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. പഴയ സൗദി നേതാക്കളുടെ ജാഗ്രതയോടെയുള്ള നിലപാടുകള്‍ക്ക് പകരം സൈനിക മേഖലയില്‍ ഉള്‍പ്പെടെ വേഗത്തില്‍ ഇടപെടുന്ന പുതിയ നയങ്ങളാണ് ജര്‍മനിയെ ആശങ്കയിലാക്കിയത്.

സൈനിക ഇടപെടല്‍ പരാജയം

കഴിഞ്ഞ വര്‍ഷം സൗദി നടത്തിയ നീക്കങ്ങള്‍ പലതും വിജയം കണ്ടില്ല. സിറിയയില്‍ ഇടപെട്ട സൗദി നേതൃത്വത്തിലുള്ള അറബ് സേനക്ക് വേണ്ടത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. സഖ്യ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന കിഴക്കന്‍ അലപോയിലെ സ്വാധീനം അവര്‍ക്ക് നഷ്ടമായി. ഇവിടെ സൗദി നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ നേരിട്ട് ഇടപെട്ട യമനിലും കനത്ത തിരിച്ചടിയാണ് സൗദി സൈന്യത്തിന് കിട്ടിയത്. വലിയ തുക ചെലവിട്ട് നടത്തിയ യമന്‍ ഇടപെടലും പരാജയപ്പെട്ടു.

ഇറാന്റെ നീക്കങ്ങള്‍ പ്രതിരോധിക്കാനാവുന്നില്ല

മുമ്പ് പലപ്പോഴും സൗദിയുടെ ഇടപെടല്‍ മൂലം ഇറാന്റെ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നെങ്കിലും യഥാര്‍ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചത് മറിച്ചാണ്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ അവസാന യോഗത്തില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇറാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

അമിത ചെലവ് ആയുധങ്ങള്‍ വാങ്ങുന്നതിന്

സൗദി ഭരണകൂടത്തില്‍ ഉയര്‍ന്നുവരുന്ന ശക്തനായ വ്യക്തിത്വമാണ് പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ സല്‍മാന്‍. ചെറുപ്പക്കാരനായ ഇദ്ദേഹം മുന്‍കൈയെടുത്ത് പ്രഖ്യാപിച്ച നടപടികള്‍ സൗദിയെ കൂടുതല്‍ സൈനിക വല്‍ക്കരിക്കുകയും ദേശീയ വല്‍ക്കരിക്കുകയും ചെയ്തു. സൈനിക മേഖലയ്ക്ക് കൂടുതല്‍ പണം ചെലവിട്ടിട്ടും അമേരിക്കയില്‍ നിന്നും യൂറോപില്‍ നിന്നും അത്യാധുനിക ആയുധങ്ങളും ഹെലികോപ്റ്ററുകളും വാങ്ങിയിട്ടും സൗദിക്ക് സിറിയയിലും യമനിലും വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

ഹൂതികള്‍ നിസാരക്കാരല്ല

യമനിലെ ഹൂതികളെ വേഗത്തില്‍ പരാജയപ്പെടുത്താമെന്നാണ് സൗദി കരുതിയത്. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും കാര്യമായ മുന്നേറ്റത്തിന് സൗദിക്കായിട്ടില്ല. ഇപ്പോഴും സൗദി പിന്തുണയ്ക്കുന്ന യമന്‍ പ്രസിഡന്റിന്റെ ആളുകള്‍ക്ക് യമന്‍ തലസ്ഥാനത്തും മറ്റു ചില പ്രദേശങ്ങളിലും മാത്രമാണ് സ്വാധീനം. യമനിലെ സൗദി ഇടപെടല്‍ ആ രാജ്യത്തെ തീര്‍ത്തും നശിപ്പിച്ചിട്ടുണ്ട്.

സിറിയയില്‍ തിരിച്ചടിയായത് റഷ്യന്‍ ഇടപെടല്‍

സിറിയയിലും സമാനമായ രീതിയിലായിരുന്നു സൗദിയുടെ അനുഭവം. അല്‍ ഖാഇദയുമായി ബന്ധമുണ്ടായിരുന്ന ജാബത്തുല്‍ നുസ്റക്ക് സൗദി എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. അമേരിക്കയുടെ പിന്തുണയും ഇക്കാര്യത്തില്‍ സൗദിക്ക് ലഭിച്ചു. പക്ഷേ റഷ്യയുടെയും ഇറാന്റെയും ലബ്നാനിലെ ഹിസ്ബുള്ളയുടെയും ഇടപെടല്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തിന് കരുത്തേകി. ഇതോടെ സൗദിയുടെ സിറിയന്‍ ദൗത്യവും ഏറെകുറേ പരാജയപ്പെട്ടു.

സാമ്പത്തിക അച്ചടക്ക നടപടി ഫലം കാണുമോ?

മൂന്ന് കോടിയാണ് സൗദി ജനസംഖ്യ. എന്നാല്‍ ഒരു കോടിയോളം വിദേശികളുമുണ്ട് സൗദിയില്‍. ഇവരെ ഒഴിവാക്കി രാജ്യം സൗദി വല്‍ക്കരിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ നീക്കങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കി. വിദേശികളെ പുറത്താക്കാന്‍ നടത്തിയ നിതാഖാത്ത് ഉള്‍പ്പെടെയുള്ള പല നീക്കങ്ങളും സൗദിയുടെ സമ്പദ് വ്യവസ്ഥക്ക് തിരിച്ചടി നേരിടാന്‍ ഇടയാക്കകിയിട്ടുണ്ട്. എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് എണ്ണ ഇതര മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തയ്യാറാക്കിയ പദ്ധതി.

English summary
As part of the Indian Navy’s overseas deployment to the West Coast of Africa and the Mediterranean Sea, three Indian warships: INS Mumbai, INS Trishul and INS Aditya, today reached Jeddah, a Saudi Arabian port city on the Red Sea, for a three-day visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X