മേഘവിസ്ഫോടനം: ജമ്മു കശ്മീരില്‍ മൂന്ന് മരണം, 11 പേര്‍ക്ക് പരിക്ക്, രക്ഷാ പ്രവര്‍ത്തനം തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. കശ്മീരിലെ ദോഡ ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ശക്തമായ മഴയ്കിടെയുണ്ടായ മേഘവിസ്ഫോടനത്തിലാണ് മൂന്നുപേര്‍ മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു സ്കൂള്‍ കെട്ടിടവും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നു വരികയാണ്. ജമ്മുകശ്മീരില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണിത്. കഴിഞ്ഞ ആഴ്ചയും ഉയര്‍ന്ന തോതിലാണ് ഈ പ്രദേശത്ത് മഴ ലഭിച്ചത്.
ശക്തമായ മഴയെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ റമ്പന്‍ ജില്ലയില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു ഇതോടെ അധികൃതരെത്തി ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മഴയത്തുടര്‍ന്ന് കശ്മീര്‍ താഴ് വരെയെ ജമ്മു- ശ്രീനഗര്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിലെ
ഗതാഗതവും തടസ്സപ്പെട്ടിരുന്നു.
ഏപ്രിലില്‍ ഝലം നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. 2014 ല്‍ ശ്രീനഗറിലെ ജനവാസ പ്രദേശങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.