3 യുവാക്കൾ പ്ലാനിട്ട് കാർ മോഷ്ടിച്ചു; കയറിയിരുന്നപ്പോൾ ആർക്കും ഡ്രൈവിംഗ് അറിയില്ല, പിന്നെ നടന്നത്
സിനിമാക്കഥ പോലെയുള്ള ഒരു സംഭവമാണ് പറയാൻ പോകുന്നത്. വാൻ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കി പോയ മൂന്ന് യുവാക്കളാണ് ഈ സംഭവത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇതിൽ 2 പേർ കോളേജ് വിദ്യാർത്ഥികളാണ്. പെട്ടെന്ന് എങ്ങനെ പണം സമ്പാദിക്കാമെന്ന് ആലോചിച്ചപ്പോഴാണ് മോഷണം നടത്താമെന്ന തീരുമാനത്തിൽ എത്തുന്നത്. അങ്ങനെ മൂവരും മോഷണം നടത്താൻ തന്നെ തീരുമാനിച്ചു. മാരുതി വാൻ മോഷ്ടിക്കാനാണ് ഇവർ തീരുമാനിച്ചത്.
കാൺപൂരിലെ ദബൗലി പ്രദേശത്ത് ഒരു മാരുതി വാൻ മോഷ്ടിക്കാൻ ഇവർ ഒത്തുകൂടി. ഒട്ടും പേടികൂടാതെ തന്നെ ഡോറൊക്കെ തുറന്ന് വണ്ടിയുടെ അകത്ത് കയറി. അപ്പോഴാണ് അവർ ആ സത്യം മനസ്സിലാക്കുന്നത്. വണ്ടി മോഷ്ടിക്കണമെങ്കിൽ അത് ഓടിക്കാൻ അറിയണ്ടേ. 3 പേർക്കും വണ്ടി ഓടിക്കാൻ അറിയില്ല. അവർ ആകെ ആശയക്കുഴപ്പത്തിലായി. പക്ഷേ വിട്ടുകൊടുത്തില്ല, എന്തായാലും മോഷ്ടിച്ചല്ലോ, അത് കടത്തിക്കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ അവർ മറ്റൊരു വഴി കണ്ടെത്തി.

Representative Image
വണ്ടി തള്ളിക്കൊണ്ടുപോകാൻ തീരുമാനിച്ചു. രാത്രിയുടെ മറവിൽ 3 പേരും കൂടി വണ്ടി 10 കിലോ മീറ്ററോളം തള്ളി. എന്നാൽ അവർ ആകെ ക്ഷീണിച്ചുപോയി. തള്ളക്കൊണ്ട് പോകാൻ സാധിക്കില്ലെന്ന് ഇവർക്ക് മനസ്സിലായി. മോഷ്ടിച്ച് പോയി എന്ന അവസ്ഥ ആയി. തള്ളക്കൊണ്ടുപോകൽ എന്ന പ്ലാൻ അവർ ഉപേക്ഷിച്ചു. ഒടുവിൽ ആ വാഹനം ഉപേക്ഷിക്കാൻ തീരുമാനിച്ചു. കാറിന്റെ നമ്പർപ്ലേറ്റ് ഊരിമാറ്റി ആളൊഴിഞ്ഞ സ്ഥലത്ത് അവർ ആ വണ്ടി ഒളിപ്പിച്ചു. എന്നാൽ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
സത്യം കുമാർ, അമൻ ഗൗതം, അമിത് വർമ എന്നീ മൂന്ന് മോഷ്ടാക്കളെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. സത്യം മഹാരാജ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ ബിടെക്ക് വിദ്യാർത്ഥി ആണ് , അമൻ ഡിബിഎസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിയാണ്. അമിത് ജോലി ചെയ്യുന്നു. മെയ് ഏഴിന് ദബൗലി മേഖലയിൽ നിന്ന് മൂന്ന് പ്രതികളും വാഹനം മോഷ്ടിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) ഭേജ് നാരായൺ സിംഗ് പറഞ്ഞു.
"ഇവർ വാൻ മോഷ്ടിച്ചു, പക്ഷേ അവർക്ക് ഓടിക്കാൻ അറിയില്ലായിരുന്നു, അതിനാൽ, അവർ ദബൗലിയിൽ നിന്ന് കല്യാൺപൂരിലേക്ക് 10 കിലോമീറ്റർ വാൻ തള്ളിയിട്ട് നമ്പർ പ്ലേറ്റ് മാറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു. മോഷ്ടിച്ച ശേഷം വിൽക്കാമെന്ന് അവർ കരുതി, എന്നാൽ വാഹനം ഓടിക്കാൻ ആർക്കും അറിയില്ല "എസിപി പറഞ്ഞു.
കവർച്ച മുഴുവൻ അമിത് ആസൂത്രണം ചെയ്തതാണെന്ന് എസിപി പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ സത്യം നിർമ്മിക്കുന്ന വെബ്‌സൈറ്റ് വഴി വിൽക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങൾ വിൽക്കാൻ സത്യം ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയായിരുന്നു. വാഹനങ്ങൾ വിപണിയിൽ വിൽക്കുന്നില്ലെങ്കിൽ വെബ്‌സൈറ്റ് വഴി വിൽക്കാനായിരുന്നു പദ്ധതിയെന്നും എസിപി പറഞ്ഞു.












Click it and Unblock the Notifications