ബ്ലിങ്കിറ്റും ഇൻസ്റ്റാമാർട്ടും നിർത്തി, മാസം ലാഭിച്ചത് 5000! ഈ കെണിയിൽ നിങ്ങളും കുടുങ്ങുന്നുണ്ടോ?
നമ്മുടെ ജീവിതശൈലിയിൽ ഇപ്പോൾ അവിഭാജ്യ ഘടകമായി മാറിയ ഒന്നാണ് ക്വിക് കൊമേഴ്‌സ് ആപ്പുകൾ. പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ വീട്ടുമുറ്റത്ത് ആവശ്യമുള്ള സാധനങ്ങൾ എത്തുന്ന സൗകര്യം ഉപയോഗപ്പെടുത്താത്തവർ ചുരുക്കമാണ്. എന്നാൽ, ഈ അമിത സൗകര്യം നമ്മുടെ സമ്പാദ്യത്തെയും ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഒരു യുവതി നടത്തിയ 30 ദിവസത്തെ പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാകുന്നത്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ഫോണിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഉണ്ടായ മാറ്റങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ് എന്നാണ് യുവതി പറയുന്നത്.
മിനിമം ഓർഡർ എന്ന 'ട്രാപ്പ്'
നമുക്ക് പെട്ടെന്ന് ഒരു പാക്കറ്റ് പാലോ അല്ലെങ്കിൽ കുറച്ച് കറിവേപ്പിലയോ ആവശ്യമുണ്ടെന്ന് കരുതുക. ഇതിന്റെ വില കേവലം 30 അല്ലെങ്കിൽ 50 രൂപ മാത്രമായിരിക്കും. എന്നാൽ ആപ്പുകൾ വഴി ഓർഡർ ചെയ്യുമ്പോൾ 200 രൂപ തികച്ചാൽ മാത്രമേ സൗജന്യ ഡെലിവറി ലഭിക്കൂ. ഈ 200 രൂപ തികയ്ക്കാൻ വേണ്ടി മാത്രം നാം ആവശ്യമില്ലാത്ത ചിപ്‌സോ, ബിസ്ക്കറ്റോ, ശീതളപാനീയങ്ങളോ കാർട്ടിൽ ചേർക്കുന്നു. ദിവസവും ഇത്തരത്തിൽ 100 മുതൽ 150 രൂപ വരെ നാം അനാവശ്യമായി ചെലവാക്കുന്നുണ്ട്. ഒരു മാസം കണക്കെടുക്കുമ്പോൾ ഇത് ഏകദേശം 4500 രൂപ മുതൽ 5500 രൂപ വരെയായി മാറുന്നു. അനാവശ്യമായി വാങ്ങിക്കൂട്ടുന്ന ഈ സാധനങ്ങൾ സാമ്പത്തിക നഷ്ടം മാത്രമല്ല, ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് യുവതി സൂചിപ്പിക്കുന്നു.

അറിയാതെ പോകുന്ന ആരോഗ്യ നേട്ടങ്ങൾ
എല്ലാം വാതിൽക്കൽ എത്തുന്നതോടെ നമ്മുടെ ശാരീരിക അധ്വാനം കുറയുകയാണ്. എന്നാൽ ആപ്പുകൾ ഒഴിവാക്കുമ്പോൾ അടുത്തുള്ള പച്ചക്കറി കടയിലേക്കോ പലചരക്ക് കടയിലേക്കോ നടന്നു പോകേണ്ടി വരും. ഇത്തരം ചെറിയ നടത്തങ്ങൾ പോലും ശരീരത്തിന് വ്യായാമം നൽകും. കൂടാതെ, ആപ്പുകളിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികളേക്കാൾ ഫ്രഷ് ആയവ നേരിട്ട് കടകളിൽ പോയി നോക്കി വാങ്ങാൻ സാധിക്കും. ഇത് ഭക്ഷണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും.
അമിത ഭക്ഷണ ശീലത്തിന് കടിഞ്ഞാൺ
യുവതിയുടെ അനുഭവത്തിൽ പലപ്പോഴും രാത്രി വൈകിയുണ്ടാകുന്ന ഭക്ഷണത്തോടുള്ള കൊതി തടയാൻ ആപ്പുകൾ ഇല്ലാത്തത് സഹായിച്ചു. മുമ്പ് രാത്രി 12 മണിക്ക് ഐസ്ക്രീം കഴിക്കാൻ തോന്നിയാൽ ഉടൻ ഓർഡർ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ കടകൾ 12 മണിക്ക് തുറക്കാത്തതിനാൽ ആ ശീലം തന്നെ ഇല്ലാതായി. അനാവശ്യമായ കലോറി ശരീരത്തിലെത്തുന്നത് ഇതിലൂടെ തടയാൻ സാധിച്ചു.
ലിസ്റ്റ് തയ്യാറാക്കുന്ന ശീലം തിരിച്ചുവരുന്നു
ഓർഡർ എപ്പോൾ വേണമെങ്കിലും ചെയ്യാമെന്ന സൗകര്യമുള്ളപ്പോൾ നാം സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാറില്ല. ഇത് അസംഘടിതമായ ഷോപ്പിംഗിലേക്ക് നയിക്കും. എന്നാൽ ആപ്പുകൾ ഉപേക്ഷിച്ചതോടെ ആഴ്ചയിൽ ഒരിക്കൽ കൃത്യമായി ലിസ്റ്റ് തയ്യാറാക്കി പച്ചക്കറികളും മറ്റും വാങ്ങാൻ തുടങ്ങി. ഇത് കൃത്യമായ പ്ലാനിംഗോടെ പണം ചെലവാക്കാൻ സഹായിച്ചു. എന്നാൽ ക്വിക് കൊമേഴ്‌സ് ആപ്പുകൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നല്ല ഇതിനർത്ഥം, മറിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുകയും ബാക്കി സമയങ്ങളിൽ പരമ്പരാഗത രീതി പിന്തുടരുകയും ചെയ്യുന്നത് നമ്മുടെ പോക്കറ്റിനും ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാണ്. യുവതിയുടെ ഈ അനുഭവം ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുകയാണ്. നമ്മളിൽ പലർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.












Click it and Unblock the Notifications