മന്ത്രിമാർ തെറിക്കും, 30 ശതമാനം സീറ്റുകളില്‍ പുതുമുഖങ്ങള്‍; ഗുജറാത്തിൽ പതിനെട്ട് അടവും പയറ്റാൻ ബിജെപി
അഹമ്മദാബാദ്: ദീപാവലി അവധിക്ക് ശേഷം ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് ബി ജെ പി നേതൃത്വം കടന്ന് കഴിഞ്ഞു . 182 അംഗ നിയമസഭയിൽ ഇക്കുറി വമ്പൻ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുകയാണ് ബി ജെ പി സ്വപ്നം.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഗുജറാത്തിൽ ബി ജെ പി ആരംഭിച്ച് കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ രണ്ട് ദിവസമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ 25 ശതമാനം പുതുമുഖങ്ങളെ അവതരിപ്പിക്കാനാണ് ബി ജെ പി തയ്യാറെടുക്കുന്നതെന്നാണ് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 60 മുതൽ 70 വരെ സീറ്റുകളിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികൾ എത്തിയേക്കുമെന്നാണ് സൂചന.

നിലവിലുള്ള 99 എം എൽ എമാരിൽ 25- 30 വരെ പേർക്ക് സീറ്റ് ലഭിച്ചേക്കില്ല. വിജയ് രൂപാണി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവരേയും
ഇക്കുറി മാറ്റി നിർത്തിയേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. '182 നിയമസഭാ സീറ്റുകളിൽ 60-70 പുതുമുഖങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം. മൂന്നോ നാലോ തവണ വിജയിച്ചവർ ആണെങ്കിൽ പോലും ഇവരെ ആവർത്തിച്ചേക്കില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം', ബിജെപി നേതാവ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി വിജയ് രുപാണിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന നിരവധി മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റുണ്ടാവില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും ബി ജെ പി നേതാവ് പറഞ്ഞു. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ വിപുല്‍ ചൗധരിയുടെ അറസ്റ്റ് ഒരു തരത്തിലുള്ള വിമതനീക്കവും അനുവദിക്കില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണെന്നും നേതാക്കൾ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് അടുക്കവെ സംസ്ഥാനത്ത് ശക്തമായ പ്രചരണമാണ് ബി ജെ പി കാഴ്ച വെയ്ക്കുന്നത്.

ഇതിനോടകം തന്നെ ഗൗരവ് യാത്ര ബി ജെ പി പൂർത്തീകരിച്ച് കഴിഞ്ഞു. മുതിർന്ന നേതാക്കളേയും കേന്ദ്രമന്ത്രിമാരേയും ഉൾപ്പെടെ അണിനിരത്തിയായിരുന്നു ബിജെപിയുടെ പ്രചരണ പരിപാടി. നേരത്തേ 2002 ലും 2017 ലും ബി ജെ പി സംസ്ഥാനത്ത് ഗൗരവ് യാത്ര നടത്തിയിരുന്നു.എന്നാൽ ഇക്കുറി വലിയ ജനപങ്കാളിത്തം ഉറപ്പാക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. അതേസമയം മോദിയെ മുൻനിർത്തി തന്നെയാണ് ബി ജെ പി ഇക്കുറിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയുടെ നിരവധി പ്രചരണ പരിപാടികൾ ബി ജെ പി സംസ്ഥാനത്ത് പൂർത്തീകരിച്ചിട്ടുണ്ട്. ഒക്ടോബർ 31 ന് വീണ്ടും മോദി ഗുജറാത്തിൽ പ്രചരണത്തിന് എത്തും.

ആം ആദ്മിയ്ക്കെതിരായണ് ബി ജെ പി പ്രചരണം കടുപ്പിക്കുന്നത്. കന്നി അങ്കത്തിന് ഒരുങ്ങുന്ന ആം ആദ്മിക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അരവിന്ദ് കെജ്‌രിവാളും ഗുജറാത്ത് പ്രസിഡന്റ് ഗോപാൽ ഇറ്റാലിയയും ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടി നേതാക്കളെ ഹിന്ദു വിരുദ്ധരായും ഗുജറാത്ത് വിരുദ്ധരായുമൊക്കെ ചിത്രീകരിച്ചാണ് ബി ജെ പി വോട്ട് തേടുന്നത്.












Click it and Unblock the Notifications