എൻഡിഎ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ കാളിക്ക് നേർച്ച; യുവാവ് സ്വന്തം വിരൽ വെട്ടിമാറ്റി
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എ ഭൂരിപക്ഷം നേടിയതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ 30 വയസ്സുകാരൻ തന്റെ വിരൽ മുറിച്ച് ക്ഷേത്രത്തിൽ വെച്ച് കാളിദേവിക്ക് സമർപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന കണ്ടപ്പോൾ ബി ജെ പി അനുഭാവിയായ ദുർഗേഷ് പാണ്ഡെ ആകെ വിഷമത്തിലായി. തുടർന്ന് കാളി ക്ഷേത്രത്തിലെത്തി ബി ജെ പിയുടെ വിജയത്തിനായി പ്രാർത്ഥിച്ചു.
അവസാന ഫലത്തിൽ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരുന്നതും എൻ ഡി എയുടെ ഭൂരിപക്ഷം 272 കടന്നതും കണ്ടപ്പോൾ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിൽ ചെന്ന് ഇടതുകൈയിലെ വിരൽ വെട്ടി ദേവിക്ക് സമർപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അതിന് ശേഷം മുറിവിൽ തുണി കെട്ടി രക്തസ്രാവം തടയാൻ ശ്രമിച്ചു.

എന്നാൽ യുവാവിന്റെ നില ഗുരുതരമായി. ഇതിന് പിന്നാലെ യുവാവിനെ സമരിയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വീട്ടുകാർ എത്തിച്ചു. മെഡിക്കൽ സ്റ്റാഫ് അടിയന്തര പ്രഥമശുശ്രൂഷ നൽകിയെങ്കിലും പരിക്കിൻ്റെ വ്യാപ്തി കാരണം അംബികാപൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മെഡിക്കൽ കോളേജിൽ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. നിർഭാഗ്യവശാൽ, ചികിത്സ വൈകിയതിനാൽ, യുവിന്റെ വിരലിൻ്റെ അറ്റുപോയ ഭാഗം അവർക്ക് വീണ്ടും ഘടിപ്പിക്കാൻ കഴിഞ്ഞില്ല. എങ്കിലും അപകടനില തരണം ചെയ്ത പാണ്ഡെയുടെ ആരോഗ്യനില തൃപ്തികരമാണ്.
" ആദ്യ ഘട്ടത്തിൽ കോൺഗ്രസ് മുന്നിട്ട് നിൽക്കിന്നത് കണ്ട് ഞാൻ അസ്വസ്ഥനായിരുന്നു. കോൺഗ്രസ് അനുഭാവികൾക്ക് വലിയ ആവേശമായിരുന്നു. ഗ്രാമം മുഴുവൻ വിശ്വസിക്കുന്ന എന്റെ ഗ്രാമത്തിലെ കാളി ക്ഷേത്രം ഞാൻ സന്ദർശിച്ചു. ഞാനും അതിൽ വിശ്വസിച്ച് ഒരു നേർച്ച നടത്തി." പാണ്ഡെ പറഞ്ഞു.












Click it and Unblock the Notifications