മോദിയുടെ കീഴിൽ 300 വർഷത്തെ സ്വപ്നം സാക്ഷാത്കരിച്ചു: രാമക്ഷേത്ര ചർച്ചയില്‍ മോദിയെ അഭിനന്ദിച്ച് അമിത് ഷാ
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ദിനമായ ജനുവരി 22 "ഭാരതത്തിൻ്റെ പുതിയ യാത്രയുടെ തുടക്കം" കുറിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശ്രീരാമനെ കൂടാതെ ഇന്ത്യയെ സങ്കൽപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ രാമക്ഷേത്രം നിർമ്മാണം സംബന്ധിച്ച ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
"ജനുവരി 22 മഹത്തായ ഇന്ത്യയുടെ തുടക്കമായിരുന്നു. രാമനില്ലാത്ത ഒരു രാജ്യം സങ്കൽപ്പിക്കുന്നവർക്ക് നമ്മുടെ രാജ്യത്തെ നന്നായി അറിയില്ല, അവർ കൊളോണിയലിസത്തിൻ്റെ നാളുകളെ പ്രതിനിധീകരിക്കുന്നു. ചരിത്രം അറിയാത്തവർ പരാജയപ്പെടുമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. വരും വർഷങ്ങളിൽ ജനുവരി 22 ഒരു ചരിത്ര ദിനമായിരിക്കും. പ്രതീക്ഷകൾ സാക്ഷാത്കരിച്ച ദിവസമായിരുന്നു അത്" അമിത് ഷാ പറഞ്ഞു.

"രാമനെ കൂടാതെ രാഷ്ട്രത്തെ സങ്കൽപ്പിക്കാൻ കഴിയില്ല. ശ്രീരാമൻ നമുക്ക് രാമരാജ്യം കാണിച്ചുതന്നു. രാമക്ഷേത്രത്തിനായി എല്ലാവരും ഒന്നിക്കണം." എന്നും പറഞ്ഞ അമിത് ഷാ രാമക്ഷേത്രം തുറക്കുന്നതിന് മുമ്പ് 11 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്തു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ 300 വർഷത്തെ സ്വപ്നം സാക്ഷാത്കരിച്ചു, പ്രധാനമന്ത്രി മോദിയും ബിജെപിയും അവർ വാഗ്ദാനം ചെയ്തത് നിറവേറ്റി." കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
രാമക്ഷേത്ര സമരത്തെ അവഗണിച്ചുകൊണ്ട് ആർക്കും ഈ രാജ്യത്തിൻ്റെ ചരിത്രം വായിക്കാൻ കഴിയില്ല. 1528 മുതൽ എല്ലാ തലമുറയും ഈ പ്രസ്ഥാനത്തെ ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും രൂപത്തിൽ കണ്ടിട്ടുണ്ട്. ഈ വിഷയം വളരെക്കാലമായിട്ടുള്ളതാണ്. ആ സ്വപ്നം സാക്ഷാത്കരിക്കേണ്ടതായിരുന്നു. മോദി സർക്കാറിന്റെ സമയത്ത് അത് സാക്ഷാത്കരിക്കപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചും രാംലല്ലയുടെ പ്രാൺ പ്രതിഷ്ഠയെക്കുറിച്ചും മുതിർന്ന ബി ജെ പി നേതാവ് സത്യപാൽ സിംഗ് ആയിരുന്നു പാർലമെന്റില്‍ ചർച്ച ആരംഭിച്ചത്. "രാമനുള്ളിടത്ത് മതമുണ്ട്... ധർമ്മം നശിപ്പിക്കുന്നവർ കൊല്ലപ്പെടുന്നു, ധർമ്മം സംരക്ഷിക്കുന്നവർ സംരക്ഷിക്കപ്പെടുന്നു. രാമനെ അവർ നിരാകരിച്ചതുകൊണ്ടാണ് ഇന്ന് ഈ രാജ്യത്ത് കോൺഗ്രസിന് ഈ അവസ്ഥയുണ്ടായിരിക്കുന്നത്." സത്യപാൽ സിംഗ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന പാർലമെൻ്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ, രാമക്ഷേത്രത്തെക്കുറിച്ചുള്ള നന്ദിപ്രമേയത്തിന് മറുപടി പറയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം, ലോക്‌സഭയിലും രാജ്യസഭയിലും രാമക്ഷേത്ര ചർച്ചയിൽ പാർട്ടി അംഗങ്ങള്‍ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.












Click it and Unblock the Notifications