രാജ്യത്ത് 40 ശതമാനം ആണുങ്ങളും എംസിപി?
ദില്ലി: ഫെമിനിസ്റ്റ് ഗ്രൂപ്പുകളും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സംവാദം നടത്തുന്നവരും ഒരു പ്രത്യക തരം പുരുഷന്മാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണ് എം സി പി അഥവാ മെയില്‍ ഷോവനിസ്റ്റ് പിഗ്. സ്ത്രീകളോട് ഇത്തരക്കാര്‍ എങ്ങനെയാണ് പെരുമാറുക എന്ന് പേരുകേട്ടാല്‍ തന്നെ ഊഹിക്കാമല്ലോ. പൊളിറ്റിക്കലി ഇന്‍കറക്ട് എന്ന് തോന്നാമെങ്കിലും ചില പുരുഷന്മാരെ വിശേഷിപ്പിക്കാന്‍ ഇതില്‍ കുറഞ്ഞ പദം കിട്ടില്ല എന്നാണ് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നത്.
വാര്‍ത്ത അതല്ല, രാജ്യത്തെ 40 ശതമാനം പുരുഷന്മാരും ഈ പറഞ്ഞ കൂട്ടത്തില്‍ വരുമെന്നാണ് ഒരു പഠനം പറയുന്നത്, എന്ന് വെച്ചാല്‍ അഞ്ചില്‍ രണ്ടുപേര്‍. സ്ത്രീകള്‍ തങ്ങള്‍ക്ക് താഴെയാണ് എന്ന മനോഭാവമാണ് ഇതില്‍ ഒന്നാമത്തേത്. കടുത്തതും അതേസമയം വ്യക്തമായി വേര്‍തിരിക്കപ്പെട്ടതുമായ സാമൂഹ്യബോധം. സമത്വം എന്ന് പറഞ്ഞുകൊണ്ട് ഇത്തരക്കാരുടെ അടുത്ത് ചെല്ലുകയേ വേണ്ട എന്ന് സാരം. തീരുമാനമെടുക്കാനായി ഒരു അഭിപ്രായം ചോദിക്കുക എന്നതൊന്നും ഇവരില്‍ നിന്നും പ്രതീക്ഷിക്കുകയേ വേണ്ട.

പഠനത്തില്‍ പങ്കെടുത്ത ആളുകള്‍ സ്വയമേ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇവ. സ്ത്രീകളെ അടക്കി നിര്‍ത്തണമെന്ന മനോഭാവമുള്ളതായി ഇവര്‍ തുറന്നുസമ്മതിക്കുകയായിരുന്നു. അതൊരു തെറ്റാണ് എന്ന് തോന്നുന്നില്ല എന്ന് മാത്രമല്ല, പൗരുഷത്തിന്റെ ലക്ഷണമാണ് എന്ന് വരെ തോന്നിയാലോ. ഉത്തര്‍പ്രദേശില്‍ 64 ശതമാനം ആളുകളാണ് ഇത്തരക്കാരായുള്ളത്. കടുത്ത പുരുഷാധിപത്യം, ആണ്‍കുട്ടി വേണമെന്ന ആഗ്രഹം, സ്ത്രീകളോടുള്ള അക്രമം തുടങ്ങിയ കാര്യങ്ങളാണ് പഠനത്തിന് മാനദണ്ഡമായി സ്വീകരിച്ചത്.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വുമണ്‍ എന്ന സംഘടനയാണ് ഏഴ് സംസ്ഥാനങ്ങളിലായി പഠനം നടത്തിയത്. നവംബര്‍ 2013 വരെയുള്ള കണക്കുകളാണ് പഠനത്തില്‍. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളെ അടക്കിനിര്‍ത്തി ഹാര്‍ഡ്‌കോര്‍ സെക്‌സ് ആസ്വദിക്കുന്നവരാണ് എന്നും തുറന്ന് സമ്മതിക്കുന്നുണ്ട്.












Click it and Unblock the Notifications