19വയസ്സിന് മുമ്പേ പീഡനത്തിന് ഇരയാകുന്നത് 42 % സ്ത്രീകള്‍!
ബാംഗ്ലൂര്‍: പതിമൂന്ന് വയസ്സിലാണ് ലക്ഷ്മി (ശരിയായ പേരല്ല) ബന്ധുക്കള്‍ വിവാഹപന്തലിലേക്ക് ആനയിച്ചത്. ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്നൊന്നും ലക്ഷ്മിക്ക് അറിയില്ലായിരുന്നു. 70 കഴിഞ്ഞ ഒരു വൃദ്ധനായിരുന്നു ലക്ഷ്മിയുടെ വരന്‍. ലക്ഷ്മിക്ക് അയാള്‍ എട്ടായിരം രൂപ നല്‍കി. ലക്ഷ്മിയുടെ അച്ഛന് ഇരുപത്തയ്യായിരവും. പടുകിളവനായ ഭര്‍ത്താവ് ആദ്യരാത്രിയില്‍ ലക്ഷ്മിയെ ക്രൂരബലാത്സംഗം ചെയ്തു.
റായ്ചൂരിലെ ലിംഗ്‌സുഗര്‍ താലൂക്കിലെ ഒരു പറ്റം സാമൂഹ്യപ്രവര്‍ത്തകര്‍ ലക്ഷ്മിയെ മോചിപ്പിച്ച് ആശ്വാസം നല്‍കി. ഇപ്പോള്‍ രണ്ട് വര്‍ഷമായി, ലക്ഷ്മിയുടെ മുറിവുകള്‍ കരിഞ്ഞുതുടങ്ങിയിരിക്കുന്നു. ലക്ഷ്മിയുടെ ഭര്‍ത്താവിനെ ശിക്ഷിക്കാനുള്ള ശ്രമങ്ങള്‍ പക്ഷേ ഇപ്പോഴും എങ്ങുമെത്താതെ തുടരുന്നു. അച്ഛന്‍ ഒളിവില്‍ പോയി. ഇതുമായി ബന്ധപ്പെട്ട ആറ് പേര്‍ അഞ്ച് മാസത്തോളമായി ജയിലിലാണ്.

ലക്ഷ്മി എന്ന പെണ്‍കുട്ടി ഒരു ഉദാഹരണം മാത്രമാണ്. ഭര്‍ത്താവിനാലും അല്ലാതെയും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ ഒരു പ്രതിനിധി. ഇന്ത്യയില്‍ 42 ശതമാനം സ്ത്രീകളും 19 വയസ്സിന് മുമ്പേ പീഡനത്തിന് ഇരയാകുന്നവരാണ് എന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2005 നും 2013 നും ഇടയില്‍ നടത്തിയ പഠനമാണ് ഈ റിപ്പോര്‍ട്ടിനാധാരം.
ഇതില്‍ 10 ശതമാനം പേര്‍ പീഡിപ്പിക്കപ്പെടുന്നത് പത്ത് വയസ്സിനും 14 വയസ്സിനും ഇടയിലാണ്. 15നും 19നും ഇടയില്‍ പ്രായമുള്ള 30 ശതമാനം പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ഇതില്‍ 77 ശതമാനം പേരെയും പീഡിപ്പിച്ചത് ഭര്‍ത്താക്കന്മാരാണ്. നാല് ശതമാനം പേരെ ബന്ധുക്കള്‍. മൂന്ന് ശതമാനം പേരെ കൂട്ടുകാര്‍. 0.4 ശതമാനം പേര്‍ അച്ഛന്റെയോ രണ്ടാനച്ഛന്റെയോ പീഡനത്തിന് ഇരയായവരാണ്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കിഴക്കന്‍ യൂറോപ്പ്, നേപ്പാള്‍, പാകിസ്താന്‍ രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ ഈ സ്ഥിതി തന്നെ എത്രയോ ഭേദമാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications