ഒരു സ്ത്രീ അടക്കം 44 തടവുകാര്‍ക്ക് എച്ച്‌ഐവി ബാധ; ഉത്തരാഖണ്ഡിലെ ജയിലില്‍ സംഭവിച്ചത്
നൈനിതാല്‍: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ജയിലില്‍ ഒരു വനിത തടവുകാരി ഉള്‍പ്പടെ 44 തടവുകാര്‍ക്ക് ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് ( എച്ച് ഐ വി ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സുശീല തിവാരി ആശുപത്രിയിലെ ഡോ പ്രേംജിത്ത് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ജയിലില്‍ എച്ച് ഐ വി പോസിറ്റീവ് തടവുകാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെന്നും ഇത് ജയില്‍ ഭരണത്തില്‍ പോരായ്മയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.
എച്ച് ഐ വി രോഗികള്‍ക്കായി ഒരു എ ആര്‍ ടി (ആന്റിട്രോവൈറല്‍ തെറാപ്പി) സെന്റര്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. അവിടെയാണ് രോഗബാധിതരായ തടവുകാരെ ചികിത്സിക്കുന്നത്. തടവുകാരെ ഞങ്ങളുടെ മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോ പ്രേംജിത്ത് സിംഗ് വ്യക്തമാക്കി.

ദേശീയ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എച്ച് ഐ വി ബാധിതരായ ഏതൊരു തടവുകാരനും സൗജന്യ ചികിത്സയും മരുന്നുകളും നല്‍കണം. മുഴുവന്‍ തടവുകാര്‍ക്കും സൗജന്യ ചികിത്സയാണ് നല്‍കിവരുന്നത്. ജയിലില്‍ നിലവില്‍ 1629 പുരുഷ തടവുകാരും 70 വനിത തടവുകാരുമാണുള്ളത്.
ഇത്രയധികം തടവുകാര്‍ക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, തടവുകാരില്‍ പതിവ് പരിശോധന ശക്തമാക്കുന്നുണ്ട്. എച്ച് ഐ വി ബാധിതരായ തടവുകാര്‍ക്ക് യഥാസമയം ചികിത്സ നല്‍കുന്നുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. അതേസമയം, എച്ച് ഐ വി ബാധിച്ചാല്‍ മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കടക്കുന്നു.
എച്ച് ഐ വി രോഗം പകരുന്നത് എങ്ങനെ
1, എയ്ഡ്‌സ് രോഗാണുബാധ ഉള്ളവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക.
2, കോണ്ടം ഉപയോഗിക്കാതെയുള്ള ശാരീരിക ബന്ധം രോഗപകര്‍ച്ചയ്ക്ക് കാരണമാകുന്നു.
3, കുത്തിവയ്പ്പ് സൂചികള്‍ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുമ്പോള്‍.
4, വൈറസ് ഉള്ള രക്തം, ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്രവങ്ങള്‍, ശുക്ലം, ഇവ മറ്റൊരാളിലേക്ക് പകരുക.
5, വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തില്‍ കൂടിയോ, മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.
7, ഗുഹ്യരോമങ്ങള്‍ ഷേവ് ചെയ്യുന്നത് നിമിത്തം ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകള്‍ എളുപ്പം പകരുന്നു. ഗുഹ്യചര്‍മങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം ഇതിന് കാരണമാകാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എച്ച് ഐ വി രോഗാണുവാഹകരുമായി ലൈംഗികവേഴ്ച ഒഴിവാക്കുക. ആരോഗ്യകരമായ രീതിയില്‍ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക. പങ്കാളിയുടെ നിര്‍ബന്ധത്തിന് വഴങ്ങി സുരക്ഷാമാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ സംഭോഗത്തില്‍ ഏര്‍പ്പെടുന്നത് ഏറെ അപകടകരമാണ്. ഗര്‍ഭനിരോധന ഉറ അഥവാ കോണ്ടം നിര്‍ബന്ധമായും ഉപയോഗിക്കുക.
ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നതു കൊണ്ട് നല്ലൊരു പരിധിവരെ, രോഗം പകരാതിരിക്കുവാന്‍ സാധിക്കും. പക്ഷേ സമ്പൂര്‍ണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല. സ്ത്രീകള്‍ക്കുള്ള ഉറകളും ഫലപ്രദമാണ്. പുരുഷപങ്കാളിക്ക് ഉറ ഉപയോഗിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സ്ത്രീക്ക് ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications