45 ഓളം രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നു,എന്തുകൊണ്ട് ഇന്ത്യ മാത്രമെന്ന് രവിശങ്കർ പ്രസാദ്
ദില്ലി; പെഗസസ് വിവാദം പുകയുന്നതിനിടെ പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദ്. 45 ഓളം രാജ്യങ്ങൾ പെഗസസ് ഉപയോഗിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടണ് ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നതെന്ന് രവിശങ്കർ ചോദിച്ചു.

പെഗാസസിന്റെ നിർമ്മാതാക്കളായ എൻഎസ്‌ഒ, തങ്ങളുടെ ക്ലയന്റുകൾ കൂടുതലും പാശ്ചാത്യ രാജ്യങ്ങളാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തിൽ ഇന്ത്യയെ ലക്ഷ്യമിടുന്നത്? എന്താണ് ഇതിന്റെ പിന്നിലെ കഥ? കഥയിലെ ട്വിസ്റ്റ് എന്താണ്?. വർഷകാല സമ്മേളനത്തിന് മുൻപായി അന്തരീക്ഷം കലുഷിതമാക്കാൻ ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമമാണോ ഇതെന്ന് സംശയിക്കുന്നുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ആംനസ്റ്റിയെപ്പോലുള്ള സംഘടനകൾക്ക് ഇന്ത്യ വിരുദ്ധ അജണ്ടയുണ്ടെന്നത് നമുക്ക് നിഷേധിക്കാനാകുമോ?സർക്കാരുമായോ ബിജെപിയുമായോ ഇപ്പോഴത്തെ വിവാദങ്ങൾ എന്തെങ്കിലും ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ഇല്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
അതേസമയം വിവാദത്തിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പുരോഗതി ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളാണ് ഇതിന് പിന്നിൽ.ഇന്ത്യ മുന്നേറാൻ ആഗ്രഹിക്കാത്ത രാഷ്ട്രീയക്കാരാണ് തടസം സൃഷ്ടിക്കുന്നത്. റിപ്പോർട്ട് പുറത്തുവന്ന കാലക്രമവും ബന്ധങ്ങളുമെല്ലാം മനസിലാക്കണം. ഇന്ത്യയിലെ ജനങ്ങൾ ഇതൊക്കെ മനസിലാകുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications