ട്രംപിന്റെ മുന്‍ ക്യാംപെയിന്‍ മേധാവിക്ക് 47 മാസത്തെ തടവ് ശിക്ഷ: ശിക്ഷ ബാങ്ക് തട്ടിപ്പില്‍!!
അലക്‌സാണ്ട്രിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ക്യാംപെയിന്‍ ചീഫ് പോള്‍ മനാഫോര്‍ട്ടിന് 47 മാസത്തെ തടവ് ശിക്ഷ വിധിച്ചു. നികുതി വെട്ടിപ്പിനും ബാങ്ക് തട്ടിപ്പിനുമാണ് ശിക്ഷ.
അമേരിക്കന്‍ പ്രസിഡന്റിന്റെ സഹചാരിക്ക് ഇതുവരെ നല്‍കിയതില്‍ വെച്ച് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളറിന്റെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ ശിക്ഷയാണ് ട്രംപിന്റെ 69കാരനായ രാഷ്ട്രീയ ഉപദേശകന് ലഭിക്കുന്നത്.

പ്രതിക്ക് കടുത്ത ശിക്ഷ വേണമെന്ന്
വാദത്തിനിടെ പ്രതിക്ക് കടുത്ത തടവ് ശിക്ഷ വേണമെന്ന് മുള്ളര്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ 19 മുതല്‍ 24 വര്‍ഷം വരെയുള്ള തടവ് ശിക്ഷ നല്‍കുന്നത് കൂടുതലാണെന്ന് ജഡ്ജി അറിയിച്ചു. അതേസമയം, മനാഫോര്‍ട്ടിനെതിരായ മറ്റൊരു കേസിലെ ശിക്ഷ അടുത്തയാഴ്ച വാഷിംഗ്ടണില്‍ വിധിക്കും. പരമാവധി 10 വര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.

മനാഫേര്‍ട്ടിന്റെ ആവശ്യം!!
ഉക്രെയ്‌നിലെ മോസ്‌കോയിലുള്ള രാഷ്ട്രീയക്കാരുമായുള്ള കൂട്ടുകെട്ട് 10 വര്‍ഷമായി തുടരുന്നതാണെന്നും, 2016ലെ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ലെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും മനാഫോര്‍ട്ട് കോടതിയില്‍ ആവശ്യപ്പെട്ടു. സൈപ്രസിലെ ബാങ്ക് അക്കൗണ്ട് വഴി 55 മില്യണ്‍ ഡോളറിലധികം പണം ഉക്രെയിനിലെ രാഷ്ട്രീയക്കാരില്‍ നിന്നും നികുതി വകുപ്പില്‍ നിന്നും വെട്ടിക്കാന്‍ മാന്‍ഫോര്‍ട്ട് ശ്രമിച്ചുവെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.

ആറ് ഉപദേശകരില്‍ ഒരാള്‍
2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രധാനപ്പെട്ട 6 ഉപദേശകരില്‍ ഒരാളായ മനാഫോര്‍ട്ടിനെതിരെയാണ് മുള്ളറിന്റെ അന്വേഷണത്തില്‍ കുറ്റപത്രം ചുമത്തുന്നത്. വിചാരണ സമയത്ത് മനാഫോര്‍ട്ടിനെതിരെ തെളിവുകള്‍ നല്‍കിയത് അദ്ദേഹത്തിന്റെ മുന്‍ തലവനായ റിക്ക് ഗേറ്റ്‌സ് ആണ്. ഇദ്ദേഹവും ഒരു തട്ടിപ്പ് കേസില്‍ ശിക്ഷ കാത്തിരിക്കുകയാണ്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍
മനാഫോര്‍ട്ടിനും ഗേറ്റ്‌സിനും പുറമെ ട്രംപിന്റെ മറ്റു 4 സഹചാരികളും മുള്ളറുടെ അന്വേഷണത്തില്‍ ആരോപണം നേരിടുകയോ ശിക്ഷ കാത്തിരിക്കുകയോ ആണ്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ലിന്നിന് റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ച് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ട്രംപിന്റെ മുന്‍ അറ്റോര്‍ണി മേധാവി മൈക്കല്‍ കോഹനെതിരായ നികുതി വെട്ടിപ്പ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കോണ്‍ഗ്രസിനോട് നുണ പറഞ്ഞു എന്നീ കുറ്റങ്ങള്‍ക്കുള്ള മൂന്നു വര്‍ഷത്തെ തടവുശിക്ഷ മെയ് 6ന് ആരംഭിക്കും. ട്രംപിന്റെ ക്യാംപെയിനിലെ വിദേശനയ ഉപദേഷ്ടാവായ ജോര്‍ജ് പാപ്പാഡോപൗലോസിനെയും രണ്ട് ആഴ്ച തടവുശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ട്രംപിന്റെ മറ്റൊരു ഉപദേഷ്ടാവ് റോജര്‍ സ്റ്റോണും വിചാരണയ്ക്കായി കാത്തിരിക്കുകയാണ്.












Click it and Unblock the Notifications