ബെംഗളൂരിൽ 48 സ്കൂളുകൾ ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ച് പോലീസ്, പരിശോധന
ബെംഗളൂരു: ബോംബ് ഭീഷണിയെ തുടർന്ന് നഗരത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികളേയും അധ്യാപകരേയും അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്. നഗരത്തിലെ 48 സ്കൂളുകൾക്ക് നേരെയാണ് ഭീഷണി. പോലീസ് സ്കൂളുകളിൽ എത്തി പരിശോധനയും ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സ്കൂളുകൾക്ക് സന്ദേശം ലഭിച്ചത്. നവംബർ 26 ലെ മുംബൈ ബോംബാക്രമണത്തിനുള്ള പ്രതികാരമാണെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറയുന്നത്. ഉടൻ തന്നെ സ്കൂളുകൾ ഈ മെയിൽ സന്ദേശം പോലീസിന് കൈമാറുകയും വിദ്യാർത്ഥികളോട് സ്കൂളിലേക്ക് വരേണ്ടെന്ന് അറിയിക്കുകയുമായിരുന്നു. സ്കൂളിൽ എത്തിയവരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു.

പിന്നാലെ പോലീസ് സംഘം സ്കൂളുകളിലെത്തി പരിശോധന നടത്തി. പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഭീഷണി വ്യാജമാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. അതേസമയം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
വ്യത്യസ്ത ഐപി ഐഡികളിൽ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയിരിക്കുന്നത്. ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞ വർഷവും ബെംഗളൂരുവിലെ ചില സ്കൂളുകൾക്ക് സമാനമായ രീതിയിൽ ഇമെയി്‍ ഭീഷണി ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി.












Click it and Unblock the Notifications