എടിഎമ്മിന് നേരെയുണ്ടായ ഭീകരാക്രമണം, ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹ്ദീന്‍ ഏറ്റെടുത്തു
ശ്രീനഗര്‍: ജമ്മു കാശീമീരില്‍ എടിഎം വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹ്ദീന്‍ ഏറ്റെടുത്തു. ജമ്മു കാശ്മീരിലെ കുല്‍ഗാമിലെ ബാങ്കിലേക്ക് പണവുമായി പോകുന്ന വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥരും രണ്ട് ബാങ്ക് ജീവനക്കാരും കൊല്ലപ്പെട്ടു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍, മൊഹദ് യൂസഫ്, ഫറൂഖ് അഹമ്മദ്, ഇഷ്ഫാഖ് അഹമ്മദ്, മൊഹമ്മദ് ഖാസിം, മുസാഫര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍.
ജാവീദ് റിഷി, മുസാഫര്‍ അഹമ്മദ് ലാവേ എന്നിവരാണ് ബാങ്ക് ഉദ്യോഗസ്ഥരില്‍ കൊല്ലപ്പെട്ടവര്‍. 50 ലക്ഷം രൂപയും നാല് തോക്കുകളും ഭീകര്‍ തട്ടിയെടുത്തെന്ന് പോലീസ് വ്യക്തമാക്കി. നോട്ട് നിരോധനത്തിന് ശേഷം നവംബറിലും ഇത്തരമൊരും സംഭവം നടന്നിരുന്നു.
ജമ്മു കാശ്മീരിലെ ബുദ്ഗാം, പുല്‍വാമ, ദക്ഷിണ കാശ്മീര്‍ എന്നിവടങ്ങളിലെ ബാങ്കിന്റെ ബ്രാഞ്ചുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടെയാണ് അന്ന് അക്രമണം നടന്നത്. 30 ലക്ഷം രൂപയാണ് ഭീകരര്‍ തട്ടിയെടുത്തത്. ഇതോടെ ബാങ്കുകളുടെ സുരക്ഷ വര്ദ്ധിപ്പിക്കുകെയും ചെയ്തിരുന്നു.