അഞ്ച് വയസ്സുകാരന് പൊക്കം അഞ്ചടി ഏഴിഞ്ച്!
മീററ്റ്: പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് പാടിയത് കുഞ്ഞുണ്ണി മാഷാണ്. സ്വന്തം പൊക്കമില്ലായ്മയെ പ്രതിരോധിക്കുകയായിരുന്നു മാഷ് ഈ വരികളിലൂടെ. അത്രയ്ക്കും പൊക്കം കുറവായിരുന്നു മലയാളികളുടെ ഈ പ്രിയപ്പെട്ട കവിക്ക്. എന്നാല്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ അഞ്ചുവയസ്സുകാരന്‍ കരണ്‍ സിംഗിന്റെ കാര്യം ഇങ്ങനെയല്ല. പൊക്കമുള്ളത് തന്നെയാണ് കരണ്‍ സിംഗിന്റെ പൊക്കം. അതും ചില്ലറയല്ല, അഞ്ചടി ഏഴിഞ്ച്.
ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയാണ് അഞ്ചുവയസ്സുകാരനായ നമ്മുടെ കഥാനായകന്‍. കരണിനെ നഴ്‌സറി സ്‌കൂളില്‍ ചേര്‍ത്തപ്പോഴായിരുന്നു പ്രശ്‌നം, കൂടെ കളിക്കാന്‍ സഹപാഠികള്‍ തയ്യാറല്ല. പിന്നെ ഒരുപാട് നാള്‍ കഴിഞ്ഞാണ് കരണ്‍ സിംഗിന് അവിടെ കൂട്ടുകാരെ കിട്ടുന്നതെന്ന് അച്ഛന്‍ സഞ്ജയ് സിംഗ് പറയുന്നു. ഏതാനും മാസം കൊണ്ട് ആറ് വയസ്സ് തികയുന്ന കരണിന്റെ പേരിലാണ് ഉയരത്തിന്റെ കാര്യത്തിലെ ഗിന്നസ് റെക്കോര്‍ഡ്.

കരണ്‍ വെറുതെയങ്ങ് ഉയരം വെച്ച് പോകുകയാണ് എന്ന് കരുതണ്ട. കരണ്‍ സിംഗിന്റെ സാധാരണയില്‍ കവിഞ്ഞ ഉയരത്തിന് ഉത്തരം വീട്ടില്‍ തന്നെയുണ്ട്. അമ്മ സ്വേത്‌ലാന സിംഗ്. ഏഴടി രണ്ടിഞ്ചാണ് സ്വേത്‌ലാനയുടെ ഉയരം. 25 കാരിയായ സ്വേത്‌ലാന ഇപ്പോഴും വളരുന്നുണ്ട് എന്നാണ് വീട്ടുകാര്‍ പറയുന്നത്. 2012 വരെ ഉയരത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡുകാരിയായിരുന്നത്രെ ഇവര്‍. പശ്ചിമ ബാംഗാളില്‍ നിന്നുള്ള സിദ്ദിഖ പര്‍വീന്‍ എന്ന എട്ടടി രണ്ടിഞ്ചുകാരിയുടെ പേരിലാണ് ഈ റെക്കോര്‍ഡ് ഇപ്പോള്‍.
2007 ലാണ് സഞ്ജയ് സിംഗ് സ്വേത്‌ലാനയെ വിവാഹം ചെയ്തത്. അപ്പോള്‍ ആറടി ആറിഞ്ചായിരുന്നു ഇവരുടെ ഉയരം. അന്ന് ഞങ്ങള്‍ പെര്‍ഫക്ട് മാച്ചായിരുന്നു - സഞ്ജയ് സിംഗ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറി. ഉയരം മാത്രമല്ല, ദൂരത്തു നിന്നുള്ള ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കാനുള്ള കഴിവും ഇരുവര്‍ക്കും ഉണ്ട് എന്നാണ് സഞ്ജയ് സിംഗ് പറയുന്നത്.












Click it and Unblock the Notifications