പ്ലാസ്റ്റിക് കവറും മാലിന്യങ്ങളും: പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 45 കിലോ പ്ലാസ്റ്റിക്ക്
ചെന്നൈ: അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോഗ്രാം പ്ലാസ്റ്റിക്ക്. വെപ്പേരിയിലെ തമിഴ്നാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി(താനുവാസ്) യിലായിരുന്നു ശസ്ത്രക്രിയ. കറുത്ത പ്ലാസ്റ്റിക് ബാഗുകള്‍, അലുമിനിയം ഫോയില്‍, മാഗി, പാര്‍ലെജി റാപ്പറുകള് എന്നിവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇവ കൂടുതല്‍ പഠനത്തിനായി ഫോര്‍മാല്‍ഡിഹൈഡില്‍ സൂക്ഷിക്കും. ഇത്രയും അളവില്‍ പ്ലാസ്റ്റിക്ക് പശുവിന്റെ വയറ്റില്‍ എത്താന്‍ ഏകദേശം രണ്ടു വര്‍ഷമെങ്കിലും എടുത്തിരിക്കാമെന്ന് താനുവാസിലെ ഡയറക്ടര്‍ (ക്ലിനിക്കുകള്‍) ഡോ. എസ്. ബാലസുബ്രഹ്മണ്യന് അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് ടിക്കാറാം മീണ; യുവതിക്കെതിരെ കേസെടുത്തു
ഒരു മാസം മുമ്പ് മൂന്നാമത്തെ കാളക്കുട്ടിയെ പ്രസവിച്ച പശുവിനെ അംബത്തൂര്‍ ഹൗസിംഗ് സൊസൈറ്റിയിലെ ജീവനക്കാരനായ പി മുനിരത്നമാണ് താനുവാസിലേക്ക് കൊണ്ടുവരുന്നത്. തിരുമുല്ലവോയലില് താമസിക്കുന്ന മുനിരത്നം ആറുമാസം മുമ്പ് വെല്ലൂരിലെ ഒരു ചന്തയില്‍ നിന്ന് മറ്റ് മൂന്ന് പശുക്കളോടൊപ്പമാണ് ഈ പശുവിനെ വാങ്ങുന്നത്. വാങ്ങുന്ന സമയത്ത് പശു ഗര്‍ഭിണിയും ആരോഗ്യവതിയുമായിരുന്നുവെന്ന് മുനിരത്നം പറയുന്നു.
പ്രസവിച്ച പശുവിന് സ്വന്തം കിടാവിന് പാല് കൊടുക്കാന്‍ വയ്യാതായപ്പോള്‍ ആണ് മുനിരത്നം ശ്രദ്ധിക്കുന്നത്. പശുവിന് മലബന്ധമുണ്ടായിരുന്നു. മൂത്രമൊഴിക്കുന്നതില്‍ പ്രശ്നമുണ്ടായിരുന്നു. മാത്രമല്ല സ്വന്തം അടിവയറ്റില്‍ അത് കാല് കൊണ്ട് എപ്പോഴും അടിക്കുമായിരുന്നു. പാലും ഇല്ലായിരുന്നു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതിനാല്‍ പ്രാദേശിക മൃഗഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മുനിരത്നം പശുവിനെ വെപ്പേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്തപരിശോധനയും എക്സ്-റേ സ്കാനുകളും എടുത്തപ്പോള്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് കണ്ടെത്തിയതായി സര്‍വകലാശാലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥികളായ ഡോ. വേലവന്, ഡോ. ശിവശങ്കര്‍, ഡോ. സെല്‍വരാജ്, ഡോ. നാഗരാജന്, ഡോ. അരുണാമ എന്നിവര്‍ പറയുന്നു.
5 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ
വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. പൊതു അനസ്തേഷ്യയ്ക്ക് പകരം വയറ്റില്‍ മാത്രം അനസ്തേഷ്യ നല്കി. വെള്ളിയാഴ്ച രാവിലെ 11.00 ന് ശസ്ത്രക്രിയ ആരംഭിക്കുകയും അന്ന് വൈകുന്നേരം 4.30 ഓടെ സമാപിക്കുകയും ചെയ്തു. മുനിരത്നം ഇതുവരെ പേരിട്ടിട്ടില്ലാത്ത പശു ഇപ്പോള്‍ വെപ്പേരിയിലെ കോളജില്‍ സുഖം പ്രാപിച്ച് വരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍, കാലില്‍ നില്‍ക്കാനുള്ള ശക്തി പശു വീണ്ടെടുക്കണമെന്നും പക്ഷേ, പാല് ഉത്പാദിപ്പിക്കാന്‍ കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്നും ഡോ ബാലസുബ്രഹ്മണ്യന് കൂട്ടിച്ചേര്‍ക്കുന്നു. പശുവിന് ഇപ്പോള്‍ ചെറുചൂടുള്ള വെള്ളത്തില്‍ തവിട് നല്‍കുകയാണ്.