6.5 ലക്ഷം വിവിപാറ്റ് മെഷീനുകൾ പ്രവർത്തനരഹിതം; അതീവ ഗുരുതരമെന്ന് വിദഗ്ദർ
ദില്ലി: രാജ്യത്തെ 6.5 ലക്ഷത്തം വിവിപാറ്റ് മെഷീനുകൾ പ്രവർത്തനരഹിതമെന്ന് റിപ്പോർട്ട്. 2018 ൽ ആദ്യമായി അവതരിപ്പിച്ച എം3 ജനറേഷനിലുള്ള മെഷീനുകളാണ് കേടായി കിടക്കുന്നത്. ഇതോടെ വിവിപാറ്റ് നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലേക്കും ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയിലേക്കും മെഷീനുകൾ തിരിച്ചയച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
ഒരു സീരീസിലെ മുഴുവൻ മെഷീനുകളും തിരിച്ചയച്ചവയിൽ പെടുന്നു. ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലേക്ക് അയച്ച മെഷീനുകളിൽ EVTEA 0001 മുതൽ EVTEA 99999 വരെയുള്ള മുഴുവൻ വിവിപാറ്റ് മെഷീനുകളും കേടായി കിടക്കുകയാണ്. മിക്ക സീരിസുകളിലേയും നിരവധി മെഷീനുകൾ ഇതുപോലെ പ്രവർത്തിക്കുന്നില്ലെന്ന് ദി വയർ റിപ്പോർട്ടിൽ പറയുന്നു.

ബാംഗ്ലൂർ ഭാരത് ഇലക്ട്രോണിക്സിലേക്ക് അയച്ച മെഷീനുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പ്രവർത്തിക്കാത്ത മെഷീനുകൾ കേടുപാടുകൾ പരിഹരിക്കാനായി നിർമ്മാതാക്കൾക്ക് അയച്ചിട്ടുണ്ടെന്നും ഇവയിൽ പലതും ജില്ലാ കേന്ദ്രങ്ങളിൽ തിരിച്ചെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
വിവിപാറ്റ് മെഷീനുകൾ വെയർഹൗസുകളിൽ നിന്നും നീക്കുമ്പോൾ പ്രതിപക്ഷ കക്ഷിയിലുള്ള നേതാക്കളെ അറിയിക്കണം എന്നതാണ് ചട്ടം. ഇതുപ്രകാരം തങ്ങളെ കമ്മീഷൻ വിവരം അറിയിച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ടാണ് ഇത്രയും മെഷീനുകൾ ഒരുമിച്ച് തിരിച്ച് അയക്കുന്നത് എന്നത് സംബന്ധിച്ച ചോദ്യത്തിന് കമ്മീഷനിൽ നിന്നും വ്യക്തമായ മറുപടിയൊന്നും ലഭിച്ചില്ലെന്ന് പ്രതിപക്ഷ പാർട്ടി നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം അനുസരിച്ച് ആദ്യ പരിശോധനയിൽ കേടുപാടുകൾ സ്ഥിരീകരിക്കുന്ന ഇ വി എം/വിവിപാറ്റ് മെഷീനുകൾ ആദ്യ ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാനായി നിർമ്മാതാക്കൾക്ക് അയച്ച് നൽകേണ്ടതുണ്ടെന്നു. എന്നാൽ പ്രശ്നം കണ്ടെത്തിയ മെഷീനുകൾ ഏകദേശം ഒരു വർഷത്തോളം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്നും പരിശോധനയ്ക്ക് അയച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം 6.5 ലക്ഷം മെഷീനുകൾ കേടാണെന്ന വാർത്ത ഗൗരവതരമാണെന്ന് മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ എസ് വൈ ഖുറേഷി പ്രതികരിച്ചു. മെഷീനുകൾ വിവിധ വിദഗ്ദരുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുതാര്യത ഉറപ്പാക്കണമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു വിവിപാറ്റ് മെഷീൻ രാജ്യത്ത് ആദ്യമായി അവതരിപ്പിച്ചത്. വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കാൻ വിവിപാറ്റ് സഹായിക്കുന്നു.












Click it and Unblock the Notifications