'മുത്തശ്ശി' പരാമർശം; 6 കോൺഗ്രസ് എംഎൽഎമാർ രാത്രി മുഴവൻ രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞു
ഡൽഹി: രാജസ്ഥാൻ നിയമസഭയുടെ നടുത്തളത്തിൽ രാത്രി മുഴുവൻ താമസിച്ച് കോൺഗ്രസ് എം എൽ എമാർ. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ആറ് എം എൽ എമാരാണ് നിയമസഭയിൽ തന്നെ കഴിഞ്ഞത്.
രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ ഉപനേതാവുമായ ഗോവിന്ദ് സിംഗ് ദോതസ്ര, രംകേഷ് മീണ, അമിൻ കാഗ്സി, സക്കീർ ഹുസൈൻ ഗെസാവത്, ഹക്കീം അലി ഖാൻ, സഞ്ജയ് കുമാർ ജാതവ് എന്നിവരും പാർട്ടി സഹപ്രവകർത്തരും നിയമസഭയ്ക്കുള്ളിൽ കഴിഞ്ഞു.

തങ്ങളെ സസ്പെൻഡ് ചെയ്തതിനെതിരെ ആദ്യം സഭയിൽ കുത്തിയിരിപ്പ് സമരം നടത്തിയ അവർ പിന്നീട് സഭയിൽ തന്നെ കിടക്കുന്നതാണ് കണ്ടത്. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള ഹോസ്റ്റലുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ ഒരു മന്ത്രിയുടെ പരാമർശത്തെച്ചൊല്ലി രാജസ്ഥാൻ നിയമസഭയിൽ പ്രശ്നം ഉണ്ടായിരുന്നു. മൂന്ന് തവണ സഭ നിർത്തി വെയ്ക്കുകയും ആറ് കോൺഗ്രസ് എം എൽ എമാരെ സസ്പെൻഡ് ചെയ്യുന്നതിനും കാരണമായി.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി ബന്ധപ്പെട്ട ബി ജെ പി മന്ത്രിയുടെ പരാമർശമാണ് ബഹളത്തിന് കാരണമായത്. നിങ്ങളുടെ മുത്തശ്ശി എന്നാണ് മന്ത്രി ഇന്ദിരാ ഗാന്ധിയെ പറഞ്ഞത്. മുൻ പ്രധാനമന്ത്രിയെ ഇങ്ങനെ വിളിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെച്ചത്.
വർക്കിങ് വിമൻസ് ഹോസ്റ്റലുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോളാണ് സാമൂഹ്യനീതി വകുപ്പ് അവിനാശ് ഗെഹ്ലോത്ത് വിവാദ പരാമർശം നടത്തിയത്.
' എല്ലായ്പ്പോഴും എന്ന പോലെ 2023 - 24 വർഷത്തെ ബജറ്റിലും പദ്ധതിക്ക് നിങ്ങളുടെ മുത്തശ്ശിയുടെ പേരാണ് നൽകിയത് ' എന്നാണ് മന്ത്രി പ്രതിപക്ഷ എം എൽ എമാരോട് പറഞ്ഞത്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ടിക്കാ റാം ജുല്ലി ഇതിനെ ശക്തമായി എതിർത്തു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ഉദ്ദേശിച്ചാണോ ഇത്തരത്തിൽ പറഞ്ഞത് എന്ന് ചോദിച്ചു. പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ കോൺഗ്രസ് എം എൽ എമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ലക്ഷമൺഗഢ് എം എൽ എ നിയമസഭാ സെക്രട്ടറിയുടെ മേശയ്ക്കരികിൽ എത്തി മന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുത്തശ്ശി എന്ന വാക്ക് അൺപാർലമെന്ററി അല്ല എന്ന മറുപടിയാണ് പാർലമെന്ററി കാര്യ മന്ത്രി പറഞ്ഞത്..












Click it and Unblock the Notifications