പുതുവത്സര ആഘോഷത്തിനിടെ ലിഫ്റ്റ് തകർന്ന് വീണ് 6 മരണം, വ്യവസായ പ്രമുഖന്റെ ഫാം ഹൗസിൽ
ഇൻഡോർ: പുതുവർഷ ആഘോഷത്തിനിടെ ലിഫ്റ്റ് തകർന്ന് വീണ് 6 മരണം. നിരവധി പേർക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ വ്യവസായ പ്രമുഖന്റെ ഫാം ഹൗസിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടികൾക്കിടെയാണ് അപകടം. ഇൻഡോറിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള പതാൽപാനി ഏരിയയിലാണ് സംഭവം നടന്നത്.
വ്യവസായിയായ പുനീത് അഗർവാളാണ് തന്റെ ഫാം ഹൗസിൽ ആഘോഷം സംഘടിപ്പിച്ചത്. പുനീതിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ബെൽറ്റ് പൊട്ടി ലിഫ്റ്റ് താഴേയ്ക്ക് പതിച്ചാണ് അപകടം ഉണ്ടായത്. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് പരുക്കേറ്റതായും അഡീഷണൽ പോലീസ് കമ്മീഷണർ ധർമരാജ് മീന സ്ഥിരീകരിച്ചു. അതേ സമയം കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പുനീത് അഗർവാളിന് പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ കോൺട്രാക്ടർമാരിൽ ഒരാളാണ് പുനീത് അഗർവാൾ. രാജ്യത്തെ പല പ്രധാന പാലങ്ങളുടെയും ദേശീയ പാതകളുടെയും നിർമാണവും പരിപാലനവും ഏറ്റെടുത്ത് നടത്തുന്നത് അദ്ദേഹത്തിന്റെ കമ്പനിയായ പാത്ത് ഇന്ത്യയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലാണ് വ്യാപിച്ചു കിടക്കുകയാണ് പാത്ത് ഇന്ത്യയുടെ പ്രവർത്തനം.












Click it and Unblock the Notifications