തീവ്രവാദ ബന്ധം; കാശ്മീരില്‍ പോലീസുകാരനുള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിലെ വിവിധ ജില്ലകളില്‍ വ്യാപകമായ റെയ്ഡ് നടക്കുന്നത്.
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേന നടത്തിയ വ്യത്യസ്തങ്ങളായ റെയ്ഡില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിലെ വിവിധ ജില്ലകളില്‍ വ്യാപകമായ റെയ്ഡ് നടക്കുന്നത്.
ബട്ടാമലു പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. കുപ്‌വാരയിലെ കര്‍നാഹില്‍ നടത്തിയ പരിശോധനയിലാണ് പോലീസുകാരന്‍ പിടിയിലായത്.

ഇയാള്‍ക്ക് തീവ്രവാദികളുമായി അടുത്തു ബന്ധമുണ്ടെന്ന് റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുല്‍ഗാം ജില്ലയില്‍ നടത്തിയ മറ്റൊരു റെയ്ഡില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയാണ് പിടിയിലായത്. വാംപോറ ഏരിയയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നു ഇയാളെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ പാക് അധീന കാശ്മീരിലെ ഭീകരരുടെ കേന്ദ്രത്തില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം കാശ്മീരിലേക്ക് വലിയതോതിലുള്ള തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് പ്രദേശവാസികളായ ചിലരുടെ പിന്തുണ ലഭിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications