കർണാടക ഹൈക്കോടതിയുടെ വിധി ; 66കാരിയായ മുസ്ലീം വനിത സുപ്രീം കോടതിയിലേക്ക്
ന്യൂഡൽഹി: മുസ്ലീം മതവിശ്വാസിയായ സ്‌ത്രീ ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് 66കാരി. സജീദാ ബീഗമാണ് ഇതു സംബന്ധിച്ച ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 66കാരി സമാന ഹർജി ഹൈക്കോടതിയിലും ഫയൽ ചെയ്‌തിട്ടുണ്ട്. ഹർജിയിൽ വാദഗതികൾ വ്യക്തമാക്കാൻ അനുവദിച്ചില്ലെന്നും 66കാരി ഹർജിയിൽ പറയുന്നു. ഇത് പ്രിൻസിപ്പിൾ ഓഫ് ഒറാലിറ്റിയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളുകളിലേക്കും കോളജുകളിലേക്കും പോകുന്ന പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതുകൊണ്ട് ജനജീവിതത്തിന് ഒരു ഭീഷണിയും സൃഷ്‌ടിക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌കൂളുകളിലെയും കോളജുകളിലെയും ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്‌ത് മുസ്ലീം വിദ്യാർഥികൾ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളുകയായിരുന്നു. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്‌ച മുതല്‍ 21വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്‌തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. 11 ദിവസം വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ച് രണ്ടു ദിവസത്തെ വാദം കേട്ട ശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിന് വിടുകയായിരുന്നു.

ജനുവരി മുതലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധം പിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു വിവാദം ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരത്തിന് ഇറങ്ങി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്.

ഉഡുപ്പി കോളജില്‍ സമരരംഗത്തുണ്ടായിരുന്ന ആറുപേർ ഉള്‍പ്പെടെ ഏഴ് വിദ്യാര്‍ഥികളാണ് ഹിജാബ് വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് ഹർജിയിൽ വാദം കേട്ടുതുടങ്ങിയത്. ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാല ബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications