68 രാജ്യസഭാ എംപിമാരുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയാകും; 60 ഉം ബിജെപി എംപിമാര്‍! നേട്ടം ആര്‍ക്ക്?
ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്ന് ഈ വര്‍ഷം പടിയിറങ്ങാനിരിക്കുന്നത് 68 എം പിമാര്‍. ഈ വര്‍ഷമാണ് ഇവരുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഇതില്‍ ഒമ്പത് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 60 പേരും ബി ജെ പിയില്‍ നിന്നുള്ള രാജ്യസഭാ എം പിമാരാണ്. ഇവരില്‍ പലരും ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യത.
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, ആരോഗ്യ മന്ത്രി മന്‍സുഖ് മാഡവ്യ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുള്‍പ്പെടെ 57 നേതാക്കളുടെ കാലാവധി ഏപ്രിലില്‍ പൂര്‍ത്തിയാകും. എം പിമാരുടെ കാലാവധി തീരുന്നതോടെ ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉണ്ടാകുക.

10 രാജ്യസഭാ സീറ്റാണ് ഇതോടെ ഉത്തര്‍പ്രദേശില്‍ ഉണ്ടാകുക. മഹാരാഷ്ട്രയിലും ബിഹാറിലും ആറ് വീതവും മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കും. കര്‍ണാടക, ഗുജറാത്ത് എന്നിവിടങ്ങളില്‍ നാല്, ഒഡീഷ, തെലങ്കാന, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് വീതവും സീറ്റുകള്‍ ഒഴിയും. ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ രണ്ട് വീതം സീറ്റുകളുണ്ട്.
ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ് (ഒന്ന് വീതം) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. കൂടാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങള്‍ ഈ വര്‍ഷം ജൂലൈയിലും വിരമിക്കും. ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്നതിനാല്‍ പുറത്ത് നിന്ന് സീറ്റ് തേടേണ്ടി വരും.
കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയ കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് ഉപരിസഭയിലേക്ക് നോമിനികളെ അയക്കാന്‍ സാധിക്കും എന്നതിനാല്‍ കോണ്‍ഗ്രസിനും നേട്ടമാണ്. തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസിന് രണ്ട് പേരെ എങ്കിലും രാജ്യസഭയിലേക്ക് അയയ്ക്കാനാകും. 245 അംഗ രാജ്യസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട 233 പേരും നോമിനേറ്റ് ചെയ്യപ്പെടുന്ന 12 പേരും ആണ് ഉണ്ടായിരിക്കുക. നിലവില്‍ ബി ജെ പിക്ക് രാജ്യസഭയില്‍ 93 അംഗങ്ങളാണ് ഉള്ളത്. എന്‍ ഡി എ കക്ഷികള്‍ക്ക് എല്ലാം കൂടി 109 എം പിമാര്‍ ഉണ്ട്.
ലോക്‌സഭയില്‍ നിന്ന് വിഭിന്നമായി എന്‍ ഡി എ ഇതര കക്ഷികള്‍ക്കാണ് രാജ്യസഭയില്‍ സീറ്റുകള്‍ കൂടുതല്‍ ഉള്ളത്. ഇന്ത്യാ മുന്നണിക്ക് 98 സീറ്റ് ഉണ്ട്. എന്‍ ഡി എയിലും ഇന്ത്യ മുന്നണിയിലും ഇല്ലാത്ത കക്ഷികള്‍ക്ക് എല്ലാവര്‍ക്കും കൂടി 31 സീറ്റ് ഉണ്ട്. കോണ്‍ഗ്രസിന് രാജ്യസഭയില്‍ 30 സീറ്റാണ് ഉള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് (13), ആം ആദ്മി, ഡിഎംകെ (10) ആര്‍ജെഡി (6) സിപിഎം, ജെഡിയു (5) എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ നില.
എന്‍ഡിഎ-ഇന്ത്യാ ഇതര കക്ഷികളില്‍ ബിജെഡിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും ഒമ്പത് വീതം സീറ്റുകളുണ്ട്. ബിആര്‍എസിന് ഏഴും എഐഎഡിഎംകെയ്ക്ക് നാലും സീറ്റുകളാണ് ഉള്ളത്.












Click it and Unblock the Notifications