ഗോവയിൽ ക്ഷേത്ര ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 7 മരണം; 30 ഓളം പേർക്ക് പരിക്ക്
പനാജി: ഗോവ ഷിർഗാവിലെ ലായ്റായ് ദേവി ക്ഷേത്ര ഉത്സവത്തിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം. ക്ഷേത്രത്തിലെ ദേവി ലൈറായ് ജത്രയ്ക്കിടെ ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പ്രദേശത്തെ ഏറ്റവും വലിയ ഉത്സവമാണ് ക്ഷേത്രത്തിലേത്. മഹാരാഷ്ട്ര, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നടക്കം ഭക്തർ ഇവിടെ എത്താറുണ്ട്. ഈ വർഷവും ആയിരക്കണക്കിന് പേരാണ് ഉത്സവത്തിന് എത്തിയത്. കത്തുന്ന തീക്കനലുകളിലൂടെ നഗ്നപാദരായി നടക്കുന്നതാണ് ഉത്സവത്തിലെ പ്രധാന ചടങ്ങ്. ഇന്നലെ പുലർച്ചയോടെ തന്നെ ചടങ്ങുകൾ ആരംഭിച്ചിരുന്നു. വിശ്വാസികൾ ചേർന്നുള്ള നൃത്തത്തിന് ശേഷമാണ് തീക്കനലിൽ ചാടുന്ന ചടങ്ങ് നടക്കുക.

ദേവി നാമം ജപിച്ച് ആളുകൾ കൂട്ടിയിട്ട കനലിന് മുകളിലൂടെ നടക്കും. ഇതിൽ പങ്കെടുക്കാനായി ശനിയാഴ്ച രാവിലെയോടെ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. എന്നാൽ തിരക്ക് നിയന്ത്രണാതീതമാകുകയായിരുന്നു. പിന്നാലെ ഉന്തും തള്ളും ഉണ്ടാകുകയായിരുന്നുവെന്ന ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ രണ്ട് പേരെ പിന്നീട് ഗോവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ലായ്റായ് ദേവി ക്ഷേത്ര ഉത്സവത്തിനിടയിൽ ഉണ്ടായ അപകടത്തിനിടെ 7 പേർ മരിച്ച സംഭവത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണ്ടപ്പെട്ടവരുടെ വിയോഗത്തിൽ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പരിക്കേറ്റവർക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
'രാവിലെ ഷിർഗാവിലെ ലൈരായ് സത്രയിലുണ്ടായ അപകടത്തിൽ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു. ദുരിബാധുതരായവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും', മുഖ്യമന്ത്രി കുറിച്ചു.












Click it and Unblock the Notifications