ഏഴു വയസ്സുകാരന് ഡെങ്കിപനി ബാധിച്ച് മരിച്ചു; അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു
ദില്ലി:ഏഴു വയസ്സുകാരന് ഡെങ്കിപനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു. സെപ്റ്റംബര്‍ 8നാണ് ലക്ഷ്മി ചന്ദ്ര, ബാബിത ദമ്പതികളുടെ ഏക മകനായ അവിനാഷ് മരിച്ചത്. കുട്ടിയുടെ ചികിത്സ നിരസിച്ച രണ്ടു സ്വകാര്യ ആശുപത്രികളുടെ റജിസ്ട്രേഷന് റദ്ദു ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കുട്ടിയുടെ മരണവിവരമറിഞ്ഞ് 24 മണിക്കൂറിനു ശേഷമാണ് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തത്. വീടിനു അടുത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഇരുവരും ചാടുകയായിരുന്നു.
മൃതദേഹം സംസ്കരിച്ച് വീട്ടില്‍ എത്തിയ ഇവര്‍ അസ്വസ്ഥരായിരുന്നു എന്നും വേണ്ടത്ര ചികിത്സ ലഭിക്കാത്തതത് കൊണ്ടാണ് മകന് മരിച്ചത് എന്ന ദു:ഖം ഇവരെ അലട്ടിയിരുന്നതായി അയല്‍വാസികള്‍ പോലീസില്‍ പറഞ്ഞു.
നാലാഴ്ചയായി പനി ബാധിച്ച കുട്ടിയെ വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലായിരുന്നു ചികിത്സിച്ചു കൊണ്ടിരുന്നത്. മരണപ്പെടുന്ന ദിവസം രാവിലെ അവിനാഷ് പൂര്‍ണ അവശനായി, ഒട്ടും സുഖമില്ലെന്ന് അമ്മയോട് പറയുകയും ചെയ്തു. അയല്‍വാസികളുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള രണ്ടു സ്വകാര്യ ആശുപതിയില്‍ കൊണ്ടു പോയെങ്കിലും ഡെങ്കി പനി ബാധിച്ചവര്‍ അധികമായതിനാല്‍ കുട്ടിയെ പ്രവേശിപ്പിക്കുവാന്‍ അധികൃതര്‍ തയ്യാറായില്ല. പിന്നീട് 8 കിലോ മീറ്റര്‍ ദൂരമുള്ള ദില്ലി ആശുപത്രിയിലേക്ക് എത്തുമ്പോളേക്കും നാഡീ മിടിപ്പ് ഇല്ലായിരുന്നു. പ്രാഥമിക ചികിത്സകള്‍ നല്‍കിയെങ്കിലും ഉച്ചയോടെ കുട്ടി മരിച്ചു.
സംസ്കാരം കഴിഞ്ഞ് വീട്ടില്‍ എത്തിയ ഇരുവരെയും കാണാനിലെന്ന് അയല്‍വാസികള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീടാണ് മൃതദേഹങ്ങല്‍ കണ്ടെത്തിയത്. ദില്ലി പോലീസ് എഫ് ഐ ആര് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. പോസ്റ്റ്മോട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമെ അടുത്ത നടപടികള്‍ സ്വീകരിക്കൂ എന്നും പോലീസ് അറിയിച്ചിട്ടുണ്ട്.