സർവ്വേയിൽ കണ്ടെത്തിയ ഈ 70 മണ്ഡലങ്ങൾ നിർണായകം; അരയും തലയും മുറുക്കി ഇറങ്ങി കോൺഗ്രസ്
കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് കോൺഗ്രസ്. അൽപം ശ്രദ്ധിച്ചാൽ അട്ടിമറി വിജയം നേടാൻ കഴിയുന്ന സീറ്റുകളാണ് ഇവ എന്നാണ് പാർട്ടിയുടെ ആഭ്യന്തര സർവ്വേയിലെ കണ്ടെത്തൽ. വിജയം ഉറപ്പാക്കാൻ ഓരോ മണ്ഡലങ്ങളിലും എ ഐ സി സി നിരീക്ഷകരെ പാർട്ടി നേതൃത്വം നിയോഗിച്ച് കഴിഞ്ഞു.
കഴിഞ്ഞ നിയമസഭ തിരഞ്ഞ ഈ 70 സീറ്റുകളിൽ 28 എണ്ണം ബി ജെ പിയാണ് വിജയിച്ചത്. കോൺഗ്രസിന് 23 സീറ്റുകളാണ് ലഭിച്ചത്. ജെ ഡി എസിന് 11 ഉം ബി എസ് പിക്ക് ഒരു സീറ്റും നേടാനായി. അതേസമയം കോൺഗ്രസ് ജയിച്ച മണ്ഡലങ്ങളിൽ 7 സീറ്റുകൾ നേരിയ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. പാവഗഡ, കുണ്ഡോൾ, ഹിരേകേരൂർ, ശ്രിംഗേരി, ബെല്ലാരി, ജാംഖണ്ഡി, ബദാമി എന്നീ സീറ്റുകളിലായിരുന്നു കുറഞ്ഞ ഭൂരിപക്ഷത്തിലുള്ള വിജയം.

പ്രത്യേക ശ്രദ്ധ നൽകിയില്ലെങ്കിൽ മണ്ഡലങ്ങളിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്നും അധികാരത്തിലേറാനുള്ള കോൺഗ്രസിന്റെ സാധ്യതകളെ തന്നെ ഇത് ഇല്ലാതാക്കുമെന്നും നേതൃത്വം കരുതുന്നുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കളെ അണിനിരത്തി വമ്പൻ പ്രചരണങ്ങളും മണ്ഡലങ്ങളിൽ കോൺഗ്രസ് നടത്തുന്നുണ്ട്.
നാല് സീറ്റുകളിൽ പ്രിയങ്ക ഗാന്ധി ഇതിനോടകം പ്രചരണം പൂർത്തിയാക്കി കഴിഞ്ഞു. ഹാനൂർ, കൃഷ്ണരാജനഗര, ശൃംഗേരി, ബെല്ലാരി, ജാംഖണ്ഡി , ബദാമി എന്നീ സീറ്റുകളിലാണ് പ്രിയങ്ക പ്രചരണം നടത്തിയത്.
പ്രാദേശിക തലത്തിലെ അസ്വാരസ്യങ്ങളും അതൃപ്തികളും പരിഹരിച്ച് മുന്നോട്ട് പോകുകയെന്നതാണ് മണ്ഡലങ്ങളിലെ പ്രധാന വെല്ലുവിളിയെന്നാണ് മണ്ഡലങ്ങളുടെ ചുമതല ലഭിച്ച നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 'ഒരു മണ്ഡലങ്ങളിൽ ഒന്നിൽ നാല് തവണ തിരഞ്ഞെടുക്കപ്പെട്ട നേതാവിനെ മാറ്റി നിർത്തിയാണ് ഇത്തവണ സീറ്റ് അനുവദിച്ചത്. പ്രാദേശിത തലത്തിൽ വലിയ പിന്തുണ ഉള്ള നേതാവാണ് അദ്ദേഹം അദ്ദേഹത്തിന്റെ മകൻ തൊട്ടടുത്ത മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമാണ്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അനുയായികളെ എല്ലാം പരമാവധി പാർട്ടിവേണ്ടി കളത്തിലിറക്കുകയെന്നത് വലിയ വെല്ലുളിയാണ്', കോൺഗ്രസ് നേതാവ് പറഞ്ഞു.
തിരഞ്ഞെടുപ്പിന് വേണ്ടി സജ്ജമാക്കിയ വാർ റൂമുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉണ്ട്. ഏതൊക്കെ വോട്ടർ ഗ്രൂപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ജാതി-മത സമവാക്യങ്ങൾ , ഭാഷാ സമവാക്യങ്ങൾ ഇതെല്ലാം പരിശോധിക്കണം', നേതാവ് വ്യക്തമാക്കി. കോൺഗ്രസിന്റെ നാല് പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ജനങ്ങളിലേക്ക് എത്തി എന്നതാണ് മറ്റൊരു വെല്ലുവിളിയെന്നും നേതാക്കൾ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗണ്യമായ ജനസംഖ്യയുള്ള പ്രദേശമാണ് ബെംഗളൂരു. ഇവിടെ നിരവധി തമിഴ്നാട് സ്വദേശികൾ ഉണ്ട്. ഈ സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ലോക്‌സഭാ എംപിമാരായ കാർത്തി ചിദംബരത്തെയും ജ്യോതിമണിയെയും തമിഴ് സ്വാധീനമുള്ള മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.അവിനാഷ് പാണ്ഡെ, എ ചെല്ല കുമാർ, മാണിക്കം ടാഗോർ, അജോയ് കുമാർ, മോഹൻ പ്രകാശ് എന്നിവർക്കും ചില മണ്ഡലങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്. മധ്യ കർണാടക, മൈസൂർ, മുംബൈ-കർണാടക, തീരദേശ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിലാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
മെയ് 10 നാണ് കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ്. പുറത്തുവന്ന 10 അഭിപ്രായ സർവ്വേകളിൽ ആറിലും സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനം ഇത്തവണ തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്. 141 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കോൺഗ്രസ് അവകാശവാദം.












Click it and Unblock the Notifications