മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെ നീക്കണം; 73 എംപിമാർ ഒപ്പിട്ട നോട്ടീസ് കൈമാറി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ പ്രമേയം നൽകി പ്രതിപക്ഷ പാർട്ടികൾ. കോണ്‍ഗ്രസ് എംപി ജയറാം രമേശിൻ്റെ നേതൃത്വത്തിൽ 73 എംപിമാർ ഒപ്പിട്ട നോട്ടീസാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒൻപത് ഗുരുതര ആരോപണങ്ങളാണ് എംപിമാർ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പദവിയിലെ തുടർച്ച ഭരണഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് ജയറാം രമേഷ് കുറ്റപ്പെടുത്തി. എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ഇത് സംബന്ധിച്ച് വിശദീകരിച്ചു.
"ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് സമർപ്പിക്കാനുള്ള പ്രമേയ നോട്ടീസ് 73 പ്രതിപക്ഷ എംപിമാർ രാജ്യസഭാ സെക്രട്ടറി ജനറലിന് സമർപ്പിച്ചു. 2026 മാർച്ച് 15 ന് ശേഷം അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നുണ്ടായ ദുഷ്‌പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ഭരണഘടനയുടെ 324 (5) അനുച്ഛേദവും 124(4) അനുച്ഛേദവും, 2023-ലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമത്തിലെ 11(2) വകുപ്പും അനുസരിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഒൻപത് പ്രത്യേകമായ ആരോപണങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത്, അവ നിഷേധിക്കാനാകില്ല. അദ്ദേഹത്തിന്റെ തുടർച്ച ഭരണഘടനയ്ക്ക് നേരെയുള്ള കടന്നാക്രമണമാണ്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും താൽപ്പര്യങ്ങൾക്ക് വേണ്ടി അദ്ദേഹം പദവിയിൽ തുടരുന്നത് തികഞ്ഞ നാണക്കേടാണ്, ജയറാം രമേഷ് എക്സിൽ കുറിച്ചു.

നേരത്തെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപിയും വക്താവുമായ ഡെറക് ഓബ്രിയൻ, കൂടുതൽ കുറ്റങ്ങൾ ഉൾപ്പെടുത്തി പ്രതിപക്ഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ വീണ്ടും ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകുമെന്ന് പറഞ്ഞിരുന്നു. 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നായി ഏകദേശം 300 എംപിമാർ നേരത്തെ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകിയിരുന്നുവെന്നും അദ്ദേഹം കൊൽക്കത്തയിൽ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം ആദ്യം,ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും സമർപ്പിച്ച നോട്ടീസുകൾ ലോക്സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണനും തള്ളിയിരുന്നു. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. അ. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടർപട്ടിക പുതുക്കിയതിലെ ക്രമക്കേടുകളും ഈ ആരോപണങ്ങളിൽ ഉൾപ്പെടുന്നു. 193-ൽ അധികം എംപിമാർ പിന്തുണച്ച മുൻ നോട്ടീസിലും ഇതേ വിഷയങ്ങളാണ് ഉന്നയിച്ചത്.
ഭരണഘടനയുടെ 324 (5) അനുച്ഛേദം അനുസരിച്ച്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമാണ്. പാർലമെന്റിൽ പ്രത്യേക ഭൂരിപക്ഷം ലഭിക്കുകയും "തെളിയിക്കപ്പെട്ട ദുഷ്‌പെരുമാറ്റം" അല്ലെങ്കിൽ "അയോഗ്യത" എന്നീ കാരണങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോളാണ് ഇത് സാധ്യമാകുന്നത്. ഒരു നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ, മുതിർന്ന ജുഡീഷ്യൽ അംഗങ്ങളും പ്രശസ്ത നിയമജ്ഞനും അടങ്ങുന്ന ഒരു സമിതി ആരോപണങ്ങൾ പരിശോധിക്കും. തുടർനടപടികൾക്ക് മുൻപായി കമ്മീഷണർക്ക് തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം ലഭിക്കും.












Click it and Unblock the Notifications