5 വയസ്സിന് താഴെയുള്ള കുട്ടികളില്‍ 82 തക്കാളിപ്പനി കേസുകള്‍; അറിയാം രോഗലക്ഷണങ്ങളും ചികിത്സയും
കോവിഡ് മഹാമാരിക്കും കുരങ്ങുപനിക്കും ഇടയില്‍ ആശങ്കകൂട്ടി തക്കാളിപ്പനിയും. തക്കാളിപ്പനി കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ്, കുരങ്ങുപനി എന്നിവ ഇന്ത്യ പിടിമുറുക്കുമ്പോള്‍, 'തക്കാളി പനി'യും വര്‍ദ്ധിച്ചുവരുന്നത് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. മെയ് 6 ന് കേരളത്തിലെ കൊല്ലത്താണ് ഈ രോഗം ആദ്യം സ്ഥിരീകരിക്കുന്നത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് തക്കാളിപ്പനി കൂടുതലായും ബാധിക്കുന്നത്. എന്നാൽ 12 വയസും 14 വയസും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോഗം ബാധിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇതുവരെ, ഇന്ത്യയിൽ 82 തക്കാളിപ്പനിക്കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്, മെയ് 6 ന് കേരളത്തിലെ കൊല്ലത്താണ് തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ദി ലാൻസെറ്റ് റിപ്പോർട്ട് ചെയ്യുന്നു. "കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തിന്റെ ആവിർഭാവത്തെ നമ്മൾ കൈകാര്യം ചെയ്യുന്നതുപോലെ, തക്കാളി ഫ്ലൂ അല്ലെങ്കിൽ തക്കാളി പനി എന്നറിയപ്പെടുന്ന ഒരു പുതിയ വൈറസ്, 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്," ദി ലാൻസെറ്റ്. റിപ്പോർട്ടിൽ പറഞ്ഞു.

എന്താണ് തക്കാളിപ്പനി:
തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്‌ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്കു കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.

വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

ലക്ഷണങ്ങൾ
വൈറസ് ബാധ ഉണ്ടായാൽ മൂന്നു മുതൽ ആറ് ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണിക്കും. പനിയും തൊണ്ട വേദനയുമാണ് ആദ്യ ലക്ഷണം. തുടർന്ന് രണ്ട് നാൾക്കകം വായ്ക്കകം ചുവന്ന് തുടുത്ത് തൊലി ഇളകും. വായ്ക്ക് അകത്ത് പുറകിലായി ഉണ്ടാകുന്ന തൊലി ഇളകൽ വേദന കൂട്ടും. ഉമിനീർ ഇറക്കാൻ പോലും കുഞ്ഞ് കഷ്ടപ്പെടും. പനി, ക്ഷീണം, കൈവെളളയിലും കാൽപത്തിയിലും ചുവന്ന പാടുകൾ ഉണ്ടാകും. കുട്ടികളിൽ കൂടുതലായി കാണുന്ന ഈ രോഗം അപൂർവമായി മുതിർന്നവരിലും ഉണ്ടാകും. മഴക്കാലമാണ് രോഗത്തിന്റെയും ആരംഭ കാലം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കുട്ടിക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറുടെ സേവനം തേടണം. ശുചിത്വവും പാലിക്കണം. കൃത്യമായ വിശ്രമം വേണം.
പനി വന്നാൽ കുഞ്ഞുങ്ങളെ കൃത്യമായി ദിവസവും കുളിപ്പിക്കണം. എന്നാൽ ശരീരത്തിലെ കുരുക്കൾ പൊട്ടാതെ സൂക്ഷിക്കുകയും വേണം. കുഞ്ഞിന് എരിവോ ബുദ്ധിമുട്ടോ ഉണ്ടാകാത്ത രീതിയിൽ ഭക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.












Click it and Unblock the Notifications