85കാരി ടീച്ചര്‍ കള്ളന്മാരെ പിടിച്ച് ഏത്തമിടീപ്പിച്ചു!
ഭോപ്പാല്‍: അധ്യാപികയായാല്‍ ഇങ്ങനെ വേണം. ആണ്‍മക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി മോഷ്ടിക്കാന്‍ വന്ന കള്ളന്മാരെ പിടികൂടി ഏത്തമിടീപ്പിച്ചുകളഞ്ഞു എണ്‍പഞ്ചുകാരിയായ ഈ റിട്ടയേര്‍ഡ് അധ്യാപിക. മഹാരാഷ്ട്രയിലെ രത്‌ലം സ്‌റ്റേഷന്‍ പരിധിയിലാണ് വയോവൃദ്ധയായ അധ്യാപിക രണ്ട് കള്ളന്മാരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രത്‌ലം ബാങ്ക് കോളനിയില്‍ താമസിക്കുന്ന പ്രേമലതയാണ് കഥാനായിക. ഇവരുടെ നാല് ആണ്‍മക്കളും മുംബൈയില്‍ ജോലി ചെയ്യുകയാണ്. ശനിയാഴ്ച രാത്രിയാണ് ചെറുപ്പക്കാരായ രണ്ട് കള്ളന്മാര്‍ ഗ്രില്‍ മുറിച്ച് പ്രേമലതയുടെ വീടിന് അകത്തുകടക്കാന്‍ ശ്രമിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന ഇവര്‍ കള്ളന്മാരെ കണ്ടു. ഒരു ബക്കറ്റ് വെള്ളം എടുത്ത് കള്ളന്മാരുടെ ദേഹത്ത് കമിഴ്ത്തുകയാണ് ഇവര്‍ ആദ്യം ചെയ്തത്.

ഒരാളുടെ കയ്യില്‍ പിടിച്ച് അടുത്തുകിടന്ന വടിയെടുത്ത് അടിയായി പിന്നെ. തടയാന്‍ ശ്രമിച്ച രണ്ടാമനും കിട്ടി ചുട്ട അടി. അടിക്കുന്നതിനിടയില്‍തന്നെ ഒച്ചവെച്ച് ആളെക്കൂട്ടാനും പ്രേമലത മറന്നില്ല. പ്രേമലതയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പോലീസ് സ്‌റ്റേഷനില്‍ ഫോണ്‍ വിളിച്ച് വിവരം അറിയിച്ചത്. പത്ത് മിനുട്ട് കൊണ്ട് പോലീസ് സ്ഥലത്തെത്തി കള്ളന്മാരെ കൈയ്യോടെ പിടികൂടി.
പിറ്റേന്ന് കള്ളന്മാരെ തിരിച്ചറിഞ്ഞ് മൊഴി കൊടുക്കാന്‍ വേണ്ടി സ്റ്റേഷനിലെത്തിയ പ്രേമലത ടീച്ചര്‍ കള്ളന്മാരെക്കൊണ്ട് ഏത്തമിടീപ്പിക്കുകയും ചെയ്തു. അയ്യായിരം രൂപയുടെ സമ്മാനവും ഒരു മൊബൈല്‍ ഫോണും സമ്മാനമായി നല്‍കിയാണ് പ്രേമലത ടീച്ചറുടെ ധീരതയെ അഭിനന്ദിച്ചത്. കള്ളന്മാരെ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി വേണ്ട നടപടിയെടുക്കുമെന്ന് എസ് പി ജി കെ പഥക് പറഞ്ഞു.












Click it and Unblock the Notifications