തൊഴിൽരഹിതരായ യുവാക്കൾക്ക് 8500 രൂപ; ഡൽഹി പിടിക്കാൻ വമ്പൻ പ്രഖ്യാപനവുമായി കോൺഗ്രസ്
ഡൽഹിയിൽ അധികാരത്തിലേറിയാൽ തൊഴിൽരഹിതരായ യുവാക്കൾക്ക് 8500 രൂപ നൽകുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. യുവ ഉഡാൻ യോജന എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു വർഷത്തേക്കായിരിക്കും സാമ്പത്തിക സഹായും നൽകുകയെന്നും എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.
'വീട്ടിലിരുന്ന് ഒരാൾക്ക് പണം ലഭിക്കുന്ന പദ്ധതിയല്ല ഇത്. ഒരു കമ്പനിയിലോ ഫാക്ടറിയിലോ സ്ഥാപനത്തിലോ തങ്ങളുടെ കഴിവുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന യുവാക്കൾക്കായിരിക്കും സാമ്പത്തിക സഹായം. ഈ കമ്പനികളിലൂടെയായിരിക്കും പണം ലഭിക്കുക', സച്ചിൻ പൈലറ്റ് പറഞ്ഞു.

'വ്യക്തികളെ അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന മേഖലകളിലായിരിക്കും നിയോഗിക്കുക. തങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ ഇത് അവരെ പ്രാപ്തരാക്കും', അദ്ദേഹം പറഞ്ഞു. അധികാരത്തിലേറിയാൽ സ്ത്രീകൾക്ക് മാസം 2500 രൂപ സാമ്പത്തക സഹായം നൽകുമെന്ന് നേരത്തേ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്യാരു ദീദി യോജന എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്. 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ നഷ്ടപ്രതാപം തിരിച്ചുപിടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷമായി രാജ്യതലസ്ഥാനത്ത് ഭരണത്തിന് പുറത്താണ് പാർട്ടി. കഴിഞ്ഞ തവണ നില മെച്ചപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 70 നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റിൽ ആം ആദ്മിയും 8 സീറ്റിൽ ബി ജെ പിയും ജയിച്ചപ്പോൾ കോൺഗ്രസ് സംപൂജ്യരായി. ഇക്കുറി കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പയറ്റി തെളിഞ്ഞ സൗജന്യ പദ്ധതികളാണ് ഡൽഹിയിലും കോൺഗ്രസ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ പ്രഖ്യാപനങ്ങൾ എത്രത്തോളം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
അതേസമയം മറുവശത്ത് ബി ജെ പിയും ഇക്കുറി പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ കേന്ദ്രസർക്കാർ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് ബി ജെ പി വോട്ട് തേടുന്നത്. മെട്രോ അടക്കമുളള പദ്ധതികളാണ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ബി ജെ പിയുടേയും കോൺഗ്രസിന്റേയും നീക്കങ്ങളെല്ലാം അസ്ഥാനത്താകുമെന്നും ഇത്തവണയും ഡല്‍ഹിയിൽ എ എ പി സർക്കാർ തന്നെ അധികാരത്തിൽ തുടരുമെന്നുമാണ് പാർട്ടി നേതൃത്വം അവകാശപ്പെടുന്നത്.












Click it and Unblock the Notifications