പെന്ഷന് അവസാനിപ്പിക്കുന്നു; കടുത്ത തീരുമാനം വരുന്നു എന്ന് പ്രചാരണം, പ്രതികരിച്ച് ശിവ ഗോപാല്‍ മിശ്ര
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുന്നത് അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് പ്രചാരണം. പഴയ പെന്‍ഷന്‍കാര്‍ക്ക് ഇനി മുതല്‍ പണം നല്‍കില്ലെന്നും 2026ന് ശേഷം പെന്‍ഷനാകുന്നവര്‍ക്ക് മാത്രമാകും പണം നല്‍കുക എന്നുമാണ് പ്രചാരണം. സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണം പെന്ഷന് വാങ്ങുന്നവരെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
എന്നാല്‍ ഈ പ്രചാരണത്തില്‍ വാസ്തവം ഇല്ലെന്ന് ജീവനക്കാരുടെ സംഘടനയായ എന്സിജെസിഎം ജനറല്‍ സെക്രട്ടറി ശിവഗോപാല്‍ മിശ്ര പ്രതികരിച്ചു. പലരും തന്നെ നേരിട്ട് വിളിച്ച് ആശങ്ക അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം പ്രചാരണം ശരിയല്ലെന്നും തന്റെ പേരു വച്ചാണ് ചിലര്‍ പ്രചരണം നടത്തുന്നതെന്നും മിശ്ര വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. സംഘടനകളുടെ സോഷ്യല്‍ പേജുകളില്‍ വരുന്നത് മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എട്ടാം ശമ്പള കമ്മീഷന്റെ പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ സംഘടനകളില്‍ നിന്നുള്ള നിര്‍ദേശം കമ്മീഷന് സ്വീകരിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിറ്റിങ് നടത്തുകയും ചെയ്തു. എല്ലാവരില്‍ നിന്നും സ്വീകരിച്ച നിര്‍ദേശങ്ങള്‍ വിലയിരുത്തിയാണ് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കമ്മീഷന് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചാല്‍ പുതിയ ശമ്പള സ്കൈലിലേക്ക് മാറും.
സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി, വിപണിയിലെ വില നിലവാരം. വിവിധ സംസ്ഥാനങ്ങളിലെ വിപണി സാഹചര്യം എന്നിവയെല്ലാം ഒത്തുനോക്കിയാണ് ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കുക. ഫിറ്റ്മെന്റ് ഫാക്ടര്‍ എത്രയാണ് എന്ന് അറിയാനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ കാത്തിരിക്കുന്നത്. ഫിറ്റ്മെന്റ് ഫാക്ടര്‍ അടിസ്ഥാനമാക്കിയാണ് ശമ്പളം എത്രയാണ് നിശ്ചയിക്കുക.
നിലവിലുള്ള ശമ്പളം ഇരട്ടിയാകാനാണ് സാധ്യത എന്ന വാര്‍ത്തകള്‍ക്കിടെയാണ് പെന്‍ഷന്‍കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന പ്രചാരണം ചൂടുപിടിച്ചത്. ശമ്പള കമ്മീഷന് പെന്ഷന് വിഷയം ചര്‍ച്ച ചെയ്തിരുന്നു എന്ന് മിശ്ര സ്ഥിരീകരിച്ചു. പഴയ പെന്‍ഷന്‍കാര്‍ക്കും പുതിയ പെന്‍ഷന്‍കാര്‍ക്കും പെന്ഷന് തുക മുടക്കമില്ലാതെ കിട്ടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു. പെന്ഷന് നല്‍കേണ്ട എന്ന തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് കാത്തിരിക്കുന്നത് 69 ലക്ഷം വരുന്ന പെന്‍ഷന്‍കാരാണ്. ശമ്പളത്തോടൊപ്പം പെന്ഷന് പരിഷ്കരിക്കുന്ന റിപ്പോര്‍ട്ടും എട്ടാം ശമ്പള കമ്മീഷന് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ പുതിയ പെന്ഷന് കൈയ്യില്‍ കിട്ടും. അടുത്ത വര്‍ഷം ജൂലൈ മുതലാകും ഇത് എന്ന് പ്രതീക്ഷിക്കുന്നു. പെന്ഷന് പരിഷ്കരണവും പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം എന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു.





Click it and Unblock the Notifications