ഷിംലയിൽ ഉരുൾപ്പൊട്ടൽ; ക്ഷേത്രം തകർന്ന് 9 മരണം, 20 ഓളം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
ഷിംല: ഷിംലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ക്ഷേത്രം തകർന്ന് 9 മരണം. സുമ്മർഹില്ലിലെ ശിവക്ഷേത്രമാണ് തകർന്നത്. ക്ഷേത്രത്തിലെത്തിയ 20 ഓളം പേർ ഇവിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ക്ഷേത്രത്തിലെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. അതേസമയം ഫാഗ്ലി പ്രദേശത്ത് ലാൽ കോത്തിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 12 ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. എൻ ഡി ആർ എഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. നിരവധി വീടുകൾ ഇവിടെ തകർന്നിട്ടുണ്ട്.

സോലൻ ജില്ലയിൽ ഇന്ന് രാവിലെയോടെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. നാല് കുട്ടികൾ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ആളുകളുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേർ മരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾ അനാവശ്യമായി വീടിന് പുറത്ത് ഇറങ്ങരുതെന്നും വെള്ളക്കെട്ടിലും പുഴയുടെ സമീപത്തും ഇറങ്ങരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്തെ 752 ഓളം റോഡുകൾ അടച്ചിട്ടതായും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിവരം സംബന്ധിച്ച് അറിയിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
ജൂൺ 24 മുതലാണ് ഹിമാചലിൽ കാലവർഷം ആരംഭിച്ചത്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 257 പേർക്ക് ജീവൻ നഷ്ടമായി. ഇതിൽ 66 പേർ മണ്ണിടിച്ചലിൽ പെട്ടാണ് മരിച്ചത്. 191 പേർ മറ്റ് അപകടങ്ങളിലും. 32 പേരെ കാണാതാവുകയും 290 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതുവരെ 1,376 വീടുകൾ പൂർണമായും 7,935 വീടുകൾ ഭാഗികമായി തകർന്നു. സംസ്ഥാനത്ത് ഇതുവരെ 90 ഉരുൾപൊട്ടലും 55 വെള്ളപ്പൊക്കങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 2 ദേശീയ പാതകൾ ഉൾപ്പെടെ 450 ഓളം റോഡുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.












Click it and Unblock the Notifications