കോടീശ്വരന്മാരില്‍ മുന്നില്‍ കോണ്‍ഗ്രസ്; പിന്നാലെ ബിജെപി; ഹിമാചല്‍ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരം
ഷിംല: നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ 90 ശതമാനം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. ബി ജെ പിയുടെ സ്ഥാനാര്‍ത്ഥികളില്‍ 82 ശതമാനം പേരും കോടീശ്വരന്മാരാണെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ആകെയുള്ള 68 നിയമസഭാ മണ്ഡലങ്ങളില്‍ 67 എണ്ണത്തിലും മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ 52 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ബി എസ് പി 53 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇവരില്‍ 25 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മരാണ്. സി പി എം സ്ഥാനാര്‍ത്ഥികളില്‍ 36 ശതമാനം പേരും സമ്പന്നരുടെ പട്ടികയിലുണ്ട്. സ്വതന്ത്രരായി മത്സരിക്കുന്ന 45 ശതമാനം സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്. 61 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും 56 ബി ജെ പി സ്ഥാനാര്‍ത്ഥികളും കോടിപതികളാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 412 സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനം (226) സ്ഥാനാര്‍ത്ഥികളും കോടീശ്വരന്മാരാണ്.

ഷിംലയിലെ ചോപ്പാല്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ബല്‍വീര്‍ സിംഗ് വര്‍മ്മയാണ് പട്ടികയില്‍ ഒന്നാമത്. 128 കോടി രൂപ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകനും ഷിംല റൂറല്‍ സീറ്റില്‍ മത്സരിക്കുന്ന വിക്രമാദിത്യ സിംഗ് 101 കോടി രൂപയുടെ ആസ്തിയുമായി രണ്ടാമതാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി എസ് ബാലിയുടെ മകനും കംഗാര്‍ ജില്ലയിലെ നഗ്രോട്ട സീറ്റില്‍ മത്സരിക്കുന്ന ആളുമായ ആര്‍ എസ് ബാലി 96.36 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ മൂന്നാമതാണ്.
ഇതോടൊപ്പം ക്രിമിനല്‍ കേസുകള്‍ നേരിടുന്ന സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 66 കോടീശ്വരന്‍ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടുന്നുണ്ട്. തിയോഗ് സീറ്റില്‍ നിന്നുള്ള സി പി എമ്മിലെ രാകേഷ് സിംഗ് 30 ക്രിമിനല്‍ കേസുകളാണ് നേരിടുന്നത്. കസുമാപ്തി മണ്ഡലത്തില്‍ നിന്നുള്ള സിപിഐ എമ്മിന്റെ കുല്‍ദീപ് സിംഗ് തന്‍വാര്‍ 20 ക്രിമിനല്‍ കേസുകളും വിക്രമാദിത്യ സിംഗ് 11 ക്രിമിനല്‍ കേസുകളും നേരിടുന്നുണ്ട്.
വീണ്ടും മത്സരിക്കുന്ന 58 എം എല്‍ എമാരില്‍ 49 എം എല്‍ എമാരുടെ ആസ്തി അഞ്ച് ശതമാനത്തില്‍ നിന്ന് 1,167 ശതമാനമായി വര്‍ധിച്ചതായും ഒമ്പത് എം എല്‍ എമാരുടെ ആസ്തിയില്‍ 16 ശതമാനം കുറവുണ്ടായതായും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017ല്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ മത്സരിച്ച 58 എം എല്‍ എമാരുടെ ശരാശരി ആസ്തി 9.30 കോടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 2022ല്‍ 12.08 കോടിയായി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications